തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന വാണിജ്യത്തെരുവായ ചാലയുടെ നവീകരണ പദ്ധതി സർക്കാർ ഉപേക്ഷിച്ചതിന് പിന്നാലെ സ്മാർട്ട് സിറ്റിയിൽ ഉൾപ്പെടുത്തി പുതിയ പദ്ധതി ആരംഭിച്ചു.ടൂറിസം വകുപ്പിന്റെ കീഴിൽ പൈതൃക രീതിയിൽ ചാലയെ നവീകരിക്കാനുള്ള പദ്ധതി പലവിധ പ്രശ്നങ്ങളാൽ നടപ്പാക്കാനായില്ല.തുടർന്നാണ് സ്മാർട്ട് സിറ്റിയിൽ ഫണ്ടുള്ളതുകൊണ്ട് അതുവഴി ചെറിയ നവീകരണം നടത്താൻ തീരുമാനിച്ചത്.പദ്ധതിയുടെ ഭാഗമായുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്.നാല് ഘടകങ്ങളായാണ് ജോലികൾ നടക്കുന്നത്.ജൂൺ അവസാനത്തോടെ ജോലികൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.അരനൂറ്റാണ്ടിലേറെയായി ചാല കമ്പോളത്തിന്റെ നവീകരണം നടന്നിട്ട്.
നവീകരണച്ചെലവ് - ഏകദേശം 20 കോടി രൂപ
പഴയ പദ്ധതി
കിഴക്കേകോട്ട മുതൽ കിള്ളിപ്പാലം വരെ പൈതൃകത്തെരുവ് മാതൃകയിൽ നിർമ്മാണം,ചാലയുടെയും തിരുവിതാംകൂറിന്റെ ചരിത്രം ആലേഖനം ചെയ്യുന്ന ചിത്രമതിലുകൾ,മേൽക്കൂരയോടുകൂടിയ ചരിത്ര വീഥി,നടപ്പാത,വിശ്രമ ബെഞ്ചുകൾ പൂച്ചെടികൾ,ഗാന്ധിപാർക്കിന് എതിർവശത്തു നിന്ന് ചാലയിലേക്ക് കടക്കുന്ന ഭാഗത്ത് കിഴക്കേകോട്ടയുടെ മാതൃകയിൽ പ്രവേശനകവാടം,കിള്ളിപ്പാലത്ത് നിന്ന് ചാലയിലേക്കുള്ള വഴിയിലും പഴയ രീതിയിലുള്ള പ്രവേശനകവാടം സജ്ജീകരിക്കും. പൈതൃകത്തെരുവിന്റെ മുദ്രയോടുകൂടിയ ഒരേ പോലുള്ള പരസ്യബോർഡുകളും പൈതൃകം സൂചിപ്പിക്കുന്ന നിറങ്ങളും,ആര്യശാല ജംഗ്ഷനിൽ പഴയ തിരുവിതാംകൂർ ദിവാൻ രാജാ കേശവദാസിന്റെ പ്രതിമയും സ്ഥാപിക്കും.
ആര്യശാലയിൽ പരമ്പരാഗത ഭംഗി നിലനിറുത്തിയുള്ള സൗന്ദര്യവത്കരണം തുടങ്ങി ചാലയുടെ മുഖച്ഛായ മാറ്റുന്നതായിരുന്നു പഴയ പദ്ധതി.പുതിയതിൽ ഇതൊന്നും ഉൾപ്പെട്ടിട്ടില്ല.
നവീകരണം ഇങ്ങനെ
@ റോഡുകൾ
ആദ്യ ഘട്ടത്തിൽ റോഡ് നിർമ്മാണമാണ് നടത്തുന്നത്.തിരഞ്ഞെടുത്ത റോഡുകൾ സ്മാർട്ട് റോഡുകളായി മാറ്റും.ഈ റോഡുകളിൽ മണ്ണിന്റെ ഘടന വിലയിരുത്തിയശേഷം അനുയോജ്യമായ ഉപരിതലം നിർമ്മിക്കും.ഭാരമുള്ള വാഹനങ്ങൾ ധാരാളം കടന്നുപോകുന്നതിനാൽ കൂടുതൽകാലം നിലനിൽക്കുന്ന റോഡാണ് നിർമ്മിക്കുന്നത്.ടാറിടലിന് പുറമെ ചില സ്ഥലങ്ങളിൽ ടൈൽ വിരിക്കൽ,കോൺക്രീറ്റിംഗ് എന്നിവയുമുണ്ടാകും.ചാലയിൽ 12 റോഡുകളുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്.ഇതിന്റെ നിർമ്മാണം പൂർത്തിയായശേഷം പ്രധാന റോഡ് സ്മാർട്ടാക്കാനുള്ള ജോലികൾ ആരംഭിക്കും.
ചാലയുടെ പ്രധാന കവാടങ്ങൾ വൈദ്യുത ദീപങ്ങളാൽ അലങ്കരിക്കും.
വിവിധ സ്ഥലങ്ങളും കമ്പോളത്തിന്റെ വഴിയും സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കും.
ചാലയുടെ ചരിത്രം രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിക്കും
പുതിയ നടപ്പാതകൾ സ്ഥാപിക്കും
വെയർ ഹൗസ് :ചാല കമ്പോളത്തിനു സമീപം ട്രിഡയുടെ 210 സെന്റിൽ സ്മാർട്ട് സിറ്റിയുടെ ചുമതലയിലുള്ള വെയർഹൗസ് കോംപ്ലക്സ് നിർമ്മിക്കും.സാധന സാമഗ്രികൾ ചാല കമ്പോളത്തിൽ സൂക്ഷിക്കാൻ വേണ്ടിയുള്ള ഗോഡൗണാണ് 18.65 കോടി രൂപ മുടക്കി നിർമ്മിക്കുന്നത്.നിർമ്മാണത്തിനു ശേഷം കേരള വെയർ ഹൗസ് കോർപ്പറേഷന് കൈമാറും.
ജൂൺ അവസാനവാരം ജോലികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
ആന്റണി രാജു, എം.എൽ.എ