
നെടുമങ്ങാട്: പൂക്കൾ വിതറി, ഷാൾ അണിയിച്ച്, 'ഷേക്ക് ഹാൻഡ്' നൽകിയാണ് സ്ഥാനാർത്ഥികൾക്ക് ഗ്രാമീണ മേഖലകളിൽ സ്വീകരണം ഒരുക്കിയിരുന്നത്.ഇതിനിടയിൽ നാട്ടിലെ വികസന വിഷയങ്ങൾ സ്വകാര്യമായി ജനങ്ങൾ സ്ഥാനാർത്ഥിയോട് പങ്കുവയ്ക്കും ! എയിംസ് മുതൽ മലയോര റെയിൽവേ വരെ ഇത്തരത്തിൽ സ്ഥാനാർത്ഥിയുടെ ചെവിയിൽ പറഞ്ഞവരുണ്ട്. വോട്ടഭ്യർത്ഥനയുമായി എത്തിയ സ്ഥാനാർത്ഥികൾക്ക് മുന്നിൽ റോഡും പാലവും വഴി പ്രശ്നവും വഴിവിളക്കുകളുമടക്കമുള്ള പ്രശ്‍നങ്ങൾ വരെ പറഞ്ഞവരേറെ. കാതിൽ പറഞ്ഞ വിഷയങ്ങൾക്ക് സ്വീകരണം കഴിഞ്ഞുള്ള നന്ദി പ്രസംഗത്തിൽ സ്ഥാനാർത്ഥി മറുപടി നൽകിയാൽ ഉശിരൻ കൈയടി ഉറപ്പാണ്.
'തിരുവനന്തപുരത്തും ആറ്റിങ്ങലിലും ഇക്കുറി താമര വിരിയട്ടെ,അടുത്ത മോദി സർക്കാരിന്റെ ഭാഗമായി ഞാൻ മുന്നിട്ടിറങ്ങി തലസ്ഥാനത്ത് എയിംസ് കൊണ്ടുവരും "- കേന്ദ്രമന്ത്രി കൂടിയായ ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ സ്വീകരണ യോഗങ്ങളിൽ നൽകുന്ന ഈ ഗ്യാരന്റിക്ക് ഉഗ്രൻ കരഘോഷമാണ് ലഭിക്കുന്നത്. ''മുനിസിപ്പാലിറ്റി അവഗണിച്ച ഞങ്ങൾക്ക്, മിനി മാസ്റ്റ് ലൈറ്റ് അനുവദിച്ച സാറിനു തന്നെ ഇത്തവണ വോട്ട്""- നെടുമങ്ങാട് സത്രംമുക്കിൽ വോട്ട് ചോദിച്ചെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.പിയുമായ അടൂർ പ്രകാശിന് ഓട്ടോത്തൊഴിലാളിയുടെ ഉറച്ച സപ്പോർട്ട്.
പെൻഷൻ അനുവദിച്ചതിന് നന്ദി പറഞ്ഞ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയും എം.എൽ.എയുമായ വി.ജോയിയെ വിവിധ കേന്ദ്രങ്ങളിൽ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുന്ന മാതാപിതാക്കളുമുണ്ട്. ഇടനിലക്കാരില്ലാതെ തങ്ങൾക്ക് പറയാനുള്ളത് സ്ഥാനാർത്ഥിയോട് നേരിട്ട് അറിയിക്കാനുള്ള സുവർണാവസരമാക്കി മാറ്റുകയാണ് നാട്ടുകാർ ഈ വോട്ടുത്സവകാലം. അഞ്ചാംഘട്ട പര്യടനത്തിലേക്ക് കടന്ന എൻ.ഡി.എയുടെ വി.മുരളീധരൻ ആറ്റിങ്ങൽ,നാവായിക്കുളം മേഖലകളിലാണ് ഇന്നലെ സ്വീകരണ പര്യടനം നടത്തിയത്.നിലയ്ക്കാമുക്കിൽ തുടങ്ങി ഒറ്റൂരിൽ ഉച്ചവിശ്രമം. അമ്മമാരും കുട്ടികളും ഉൾപ്പെടെ ഓരോ കേന്ദ്രത്തിലും സ്വീകരണം നൽകാനെത്തി.
വൈകിട്ട് കാറ്റാടിമുക്കിൽ നിന്ന് തുടങ്ങി രാത്രി നക്രംകോണത്ത് ആവേശകരമായ സമാപനം.അടൂർ പ്രകാശും വി.ജോയിയും ചെറിയപെരുന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് പ്രധാന ജമാത്തുകളിലും ഭവനങ്ങളിലും ഓടിനടന്നു. അടൂർ പ്രകാശ് ഉച്ചകഴിഞ്ഞ് ചിറയിൻകീഴ് മണ്ഡലത്തിലെ മലവിള കോളനിയിൽ സ്വീകരണം പുനരാരംഭിച്ചു. കായിക്കര കുമാരനാശാൻ സ്മാരകത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്ണപിള്ള ഉദ്‌ഘാടനം ചെയ്തു.അമ്പതോളം കേന്ദ്രങ്ങൾ പിന്നിട്ട് രാത്രി കൊച്ചുതുറ രാജീവ് ഗാന്ധിനഗറിൽ സമാപിച്ചു. ഇന്ന് വർക്കലയിൽ പര്യടനം നടത്തും. വി.ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പങ്കെടുക്കും.രാവിലെ 10ന് വർക്കലയിലും വൈകിട്ട് 3ന് കാട്ടാക്കടയിലും 4.30ന് കന്യാകുളങ്ങരയിലും മുഖ്യമന്ത്രി പ്രസംഗിക്കും.ഇന്നലെ മുസ്ലിം ജമാ അത്തുകളിൽ വി.ജോയിക്ക് ഹൃദ്യമായ വരവേല്പ് ലഭിച്ചു.എ.എ.റഹിം എം.പി,ഡി.കെ.മുരളി എം.എൽ.എ എന്നിവർ ഒപ്പമുണ്ടായിരുന്നു.