തിരുവനന്തപുരം:ഓർഡർ ചെയ്യാത്ത പാർസലിന്റെ പേരിൽ ഫോൺ വിളിച്ച് ബംഗളൂരുവിലെ 29കാരിയായ അഭിഭാഷക യുവതിയിൽ നിന്ന് 14 ലക്ഷത്തോളം തട്ടിയെന്ന് പരാതി. ഫെഡെക്സ് എന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ പേരിലാണ് കാൾ ലഭിച്ചത്.ഓർഡർ നൽകാത്ത സാധനങ്ങൾ വീട്ടിലെത്തിച്ച് പണം തട്ടുന്ന സംഘങ്ങളെക്കുറിച്ച് കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പുതിയ തട്ടിപ്പ് : ഏപ്രിൽ 3ന് ഫെഡെക്സിൽ നിന്നെന്ന പേരിൽ യുവതിക്ക്
കാൾ വന്നു. യുവതിയുടെ പേരിലുള്ളൊരു പാർസലിൽ എം.ഡി.എം.എയുടെ 140 ടാബ്‌ലെറ്റുകൾ ഉണ്ടെന്നായിരുന്നു കാൾ. തനിക്ക് ഇതുമായി ബന്ധമില്ലെന്ന് പറഞ്ഞപ്പോൾ കാൾ സൈബർ സെൽ ഉദ്യോഗസ്ഥന് കൈമാറുകയാണെന്ന് പറഞ്ഞു. യുവതിയുടെ ആധാർ നമ്പർ,ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. അടുത്ത ദിവസം പണമിടപാടുകളിലെ നിയമസാധുത പരിശോധിക്കാനായി അക്കൗണ്ടിലുള്ള പണം മുഴുവൻ ഒരു ഡമ്മി അക്കൗണ്ടിലേക്കിടാൻ ആവശ്യപ്പെട്ടു. യുവതിയുടെ ക്രെഡിറ്റ് കാർഡുകളുടെ വിവരങ്ങളുപയോഗിച്ച് നാല് ലക്ഷത്തോളം രൂപയുടെ ഷോപ്പിങ് നടത്തി. നാർക്കോട്ടിക്സ് പരിശോധനയുടെ ഭാഗമായി സ്കൈപ്പിൽ യുവതിയുടെ വസ്ത്രങ്ങൾ മാറ്റണമെന്നും അനുസരിച്ചില്ലെങ്കിൽ ലഹരിക്കേസിൽ അകത്താക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി. ഇന്ത്യയിലെ പ്രമുഖ ബാങ്കുമായി ബന്ധപ്പെട്ട വ്യക്തി നടത്തുന്ന തട്ടിപ്പാണിതെന്നും രാഷ്ട്രീയ നേതാക്കളടക്കം ഉൾപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. നഗ്നവീഡിയോ ഡാർക്ക് വെബിലടക്കം പ്രചരിപ്പിക്കുന്നത് തടയാൻ 10 ലക്ഷം കൂടി ആവശ്യപ്പെട്ടതോടെ ചതി മനസിലാക്കിയ യുവതി ബംഗളൂരു സൈബർ പൊലീസിന് പരാതി നൽകുകയായിരുന്നു.
ഒ.ടി.പിയിലൂടെയും
തട്ടിപ്പ്
ഒരു പാർസൽ മേൽവിലാസം മാറി അയച്ചിട്ടുണ്ടെന്നും അത് ക്യാൻസൽ ചെയ്യാൻ ഫോണിലേയ്ക്ക് അയച്ച ഒ.ടി.പി നൽകണമെന്നും പറഞ്ഞ് വിളിക്കുന്ന തട്ടിപ്പുകാരെയും സൂക്ഷിക്കണം. ഒ.ടി.പി ലഭിച്ചാൽ ബാങ്ക് അക്കൗണ്ട് എളുപ്പം ഹാക്ക് ചെയ്യപ്പെടാം. ഓൺലൈൻ പണമിടപാടുകൾ നിരീക്ഷണത്തിലാവും. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഒരിക്കലും ആധാർ ഉൾപ്പെടെയുള്ള വ്യക്തിവിവരങ്ങൾ ചോദിക്കാറില്ലെന്ന് സൈബർ വിദഗ്ദർ പറയുന്നു.
#സൈബർ ഹെല്പ്ലൈൻ നമ്പർ: 1930