
കള്ളിക്കാട്: തരിശുഭൂമിയിൽ തണ്ണിമത്തൻ വിളയിച്ച് കള്ളിക്കാട്ടെ കർഷകൻ.കള്ളിക്കാട് പഞ്ചായത്തിലെ കൃഷി ഭവന്റെ നേതൃത്വത്തിൽ പാട്ടേക്കോണം സ്വദേശി രാജുവാണ് തണ്ണിമത്തൻ കൃഷിയിറക്കിയത്.പാട്ടേക്കോണം ഏലായിൽ രാജു പാട്ടത്തിനെടുത്ത 30സെന്റ് പുരയിടത്തിലാണ് തണ്ണിമത്തൻ കൃഷിയിറക്കിയത്.കൃഷി ഭവന്റെ സഹായത്തോടെ ഈസ്റ്റ് വെസ്റ്റ് സീഡ്സ് ഇന്ത്യ വികസിപ്പിച്ചെടുത്ത പുറം കടുംപച്ചയും നിറമുള്ള ഹൈബ്രീഡ് മുക്കാസ് എഫ്1,ഇളം പച്ച പുറവും അകം മഞ്ഞനിറവുമുള്ള യെല്ലോ മച്ച് എഫ് 1ഇനത്തിൽപ്പെട്ട വിത്തിനങ്ങളാണ് കൃഷി ചെയ്തത്.2.5മുതൽ 5കിലോ ഗ്രാം വരെ തൂക്കമുണ്ടാകും.വിത്തിട്ട് 65 മുതൽ 82 ദിവസത്തിനുള്ളിൽ വിളവെടുക്കാമെന്ന് കർഷകൻ രാജു പറയുന്നു.കൃഷി വിജയമായതോടെ കള്ളിക്കാട് പഞ്ചായത്ത് പ്രദേശത്ത് കൂടുതൽ പ്രദേശങ്ങളിൽ തണ്ണിമത്തൻ കൃഷി വ്യാപിപ്പിക്കാനാണ് ശ്രമം.കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.ആര്യങ്കോട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.മഹേഷ്,കൃഷി ഓഫീസർ എൻ.ഐ.ഷിൻസി,കൃഷി അസിസ്റ്റന്റുമാരായ ജി.എസ്.ചിഞ്ചു,ശ്രീദേവി,എസ്.സാബു എന്നിവർ പങ്കെടുത്തു.