തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസ് കാത്ത് ലാബിന്റെ പ്രവർത്തനത്തിനും മാർഗരേഖ വന്നേക്കും.ആശുപത്രി വികസന സമിതിക്ക് (എച്ച്.ഡി.എസ്) കീഴിലെ കാത്ത് ലാബുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണിത്. ചികിത്സയ്ക്ക് എത്തുന്ന രോഗികളിൽ നിന്ന് വാങ്ങുന്ന പണം എത്ര ദിവസം കാത്ത് ലാബ് ഓഫീസിലെ ലോക്കറിൽ സൂക്ഷിക്കണം.എപ്പോൾ ബാങ്കിൽ അടയ്ക്കണം.പണം തിരികെ നൽകുമ്പോൾ രോഗികൾക്ക് ചെക്ക് നൽകാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാകും മാർഗരേഖ തയ്യാറാക്കുക.

എച്ച്.ഡി.എസിന് കീഴിലും കെ.എച്ച്.ആർ.ഡബ്യുഎസിന് കീഴിലും കാത്ത് ലാബുകൾ പ്രവർത്തിക്കുന്നുണ്ട്.

20 വർഷത്തിലേറെയായി പ്രവത്തിക്കുന്ന കെ.എച്ച്.ആർ.ഡബ്ല്യു.എസ് കാത്ത് ലാബിന്റെ രീതിയിലാണ് എട്ടു വർഷം മുമ്പ് എച്ച്.ഡി.എസിലും ലാബ് തുടങ്ങിയത്.

രണ്ടിടങ്ങളിലും സമാനമായ രീതിയിലാണ് രോഗികളിൽ നിന്ന് പണം ഈടാക്കുന്നത്.അതിനാൽ മാർഗരേഖ നടപ്പിലാക്കുമ്പോൾ രണ്ടുലാബുകളെയും ഉൾക്കൊള്ളിക്കും. രണ്ടും കാർഡിയോളജി വകുപ്പ് മേധാവിയുടെ കീഴിലാണ്. കെ.എച്ച്.ആർ.ഡബ്ല്യു.എസ് പ്രത്യേക സ്ഥാപനമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രി മേധാവി ഇക്കാര്യം കെ.എച്ച്.ആർ.ഡബ്ല്യു.എസ് എം.ഡിയെ രേഖാമൂലം അറിയിക്കും.

കാത്ത് ലാബിൽ ചികിത്സയ്ക്ക് എത്തിയ രോഗികളിൽ നിന്ന് എച്ച്.ഡി.എസ് ജീവനക്കാരൻ അനധികൃതമായി പണം വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം പൂർത്തിയായതിന് പിന്നാലെയാണ് മാർഗരേഖ നടപ്പിലാക്കാൻ ആലോചന തുടങ്ങിയത്.സാമ്പത്തിക തിരിമറി നടന്നിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ലോക്കറിൽ നിന്ന് കണ്ടെടുത്ത പണവും രജിസ്റ്ററിലെ രേഖപ്പെടുത്തലുകളും കൃത്യമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ സാമ്പത്തിക ക്രയവിക്രയത്തിന് മാർഗരേഖയില്ലെങ്കിൽ ഭാവിയിൽ പ്രശ്നങ്ങളുണ്ടാകുമെന്നും കണ്ടെത്തിയിരുന്നു.