
തിരുവനന്തപുരം: കൊച്ചുവേളിയിലേക്കുള്ള പ്രധാന റോഡിൽ ആൾസെയിന്റ്സ് തുമ്പ ഭാഗത്തേക്കുള്ള സ്ഥലത്ത് പി.ഡബ്ലിയു.ഡി വകുപ്പും റെയിൽവേയും തമ്മിൽ അതിർത്തിത്തർക്കം. റെയിൽവേ ലൈനിനും റോഡിനുമിടയിലുള്ള സ്ഥലം സംബന്ധിച്ചാണ് തർക്കമുണ്ടായത്.
തങ്ങളുടെ സ്ഥലമാണെന്ന് ചൂണ്ടിക്കാട്ടി റെയിൽവേ കല്ലിട്ട ശേഷം നിർമ്മാണം ആരംഭിക്കാനുള്ള തയ്യാറെടുപ്പ് നടത്തിയത് പ്രദേശവാസികൾ എതിർത്തു. സ്ഥലം പൊതുമരാമത്ത് വകുപ്പിന്റേതാണെന്ന് വ്യക്തമാക്കിയ പ്രദേശവാസികൾ വകുപ്പിന് പരാതി നൽകി. സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം വകുപ്പിന്റേതാണെന്ന് ഉറപ്പിച്ചു. തുടർന്ന് സ്ഥലം സംബന്ധിച്ച് തർക്കമുണ്ടെന്നും റവന്യു വകുപ്പിനെക്കൊണ്ട് അളന്ന് തിട്ടപ്പെടുത്തി അതിര് തിരിക്കണമെന്നും ആവശ്യപ്പെട്ട് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ ജില്ലാ കളക്ടർക്ക് കത്ത് നൽകി.
പ്രദേശവാസികൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സ്ഥലം എം.എൽ.എ ആന്റണി രാജു ഇന്നലെ സ്ഥലം സന്ദർശിച്ചിരുന്നു. ഇവിടെ റവന്യു വകുപ്പിനെക്കൊണ്ട് അളന്ന് കൃത്യമായി അതിര് തിരിച്ച് തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് എം.എൽ.എയും കത്ത് നൽകിയിട്ടുണ്ട്. ആൾസെയിന്റസ് അനിൽ,അനിഷ്,വിജയൻ,മദനൻ,ബിനു,തൃദീപ്,മണികണ്ഠൻ എന്നിവരും എം.എൽ.എയ്‌ക്കൊപ്പമുണ്ടായിരുന്നു.