തിരുവനന്തപുരം: ചെറിയ പെരുന്നാൾ ദിനത്തിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനും യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശി തരൂരും പ്രചാരണത്തിന് അവധി നൽകി.അതേസമയം,എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മൂന്നാംദിനവും തന്റെ വാഹനപര്യടനം തുടർന്നു.
ചട്ടമ്പിസ്വാമിയുടെ കണ്ണമ്മൂലയിലെ സ്മാരക ഐലന്റിൽ നിന്ന് വൈകിട്ട് 4ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് വാഹനപ്രചാരണജാഥ ഉദ്ഘാടനം ചെയ്തു.കണ്ണമ്മൂലയിലെ സ്വീകരണത്തിനു ശേഷം പുത്തൻപാലം കോളനി,ബാർട്ടൺഹിൽ എന്നിവിടങ്ങളിലായിരുന്നു പ്രചാരണം.
തുറന്ന വാഹനത്തിന് അകമ്പടിയായി യുവാക്കളുടെ ബൈക്ക് റാലിയുമുണ്ടായിരുന്നു.തുടർന്ന് വട്ടിയൂർക്കാവ് മുളവന ശ്രീനാരായണ ഗുരുമന്ദിരത്തിലും അയ്യങ്കാളി പ്രതിമയിലും പുഷ്പാർച്ചന നടത്തി.മരപ്പാലം ജംഗ്ഷനിൽ ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി ചായക്കടയിലെത്തിയ രാജീവ് ചന്ദ്രശേഖറിനൊപ്പം സെൽഫിയെടുക്കാനായി പ്രവർത്തകർ തിക്കിത്തിരക്കി.
പെരുന്നാളിനോടനുബന്ധിച്ച് നടന്ന ഈദ് ഗാഹുകളിൽ ഇരുവരും പങ്കെടുത്തു. പന്ന്യൻ രവീന്ദ്രൻ ചന്ദ്രശേഖർ നായർ സ്റ്റേഡിയം,വട്ടിയൂർക്കാവ് ജുമാ മസ്ജിദ് എന്നിവിടങ്ങളിലെ ഈദ് ഗാഹുകളിൽ പങ്കെടുത്തു.തുടർന്ന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും പങ്കെടുത്തു.ഇന്ന് പാറശാല മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനം നടക്കും.
വിശ്വാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശി തരൂർ ഇന്നലെ രാവിലെ പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഈദ് ഗാഹിൽ പങ്കെടുത്തു.അതിനുശേഷം അദ്ദേഹം ബീമാപള്ളി സന്ദർശിച്ചു.തുടർന്ന് വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ചു.വിവിധ ടെലിവിഷൻ ചാനലുകൾക്ക് അഭിമുഖവും നൽകി.രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്തു.