
ആറ്റിങ്ങൽ: എൻ.ഡി.എ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരന്റെ വാഹന പര്യടനത്തിന് നേരെ ആക്രമണശ്രമം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് പര്യടന വാഹന വ്യൂഹത്തിൽ കടന്നുകയറി അതിക്രമം നടത്തിയത്. ഇതോടെ അരമണിക്കൂറോളം നിറുത്തിവച്ച പര്യടനം പള്ളിക്കൽ പൊലീസെത്തിയ ശേഷമാണ് തുടർന്നത്.
പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ പകൽക്കുറി കൊട്ടിയം മുക്കിലാണ് സംഭവം. ഇന്നലെ വൈകിട്ട് 7.15ഓടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വാഹന വ്യൂഹത്തിൽ കടന്നുകയറി വി.മുരളീധരനെയും അദ്ദേഹത്തെ അനുഗമിച്ചിരുന്ന സ്ത്രീകൾ ഉൾപ്പെടുന്ന ബൈക്ക് യാത്രികരെയും അസഭ്യം പറഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നെന്ന് ബി.ജെ.പി പ്രവർത്തകർ പറഞ്ഞു. സി.പി.എം മുൻ പഞ്ചായത്ത് അംഗത്തിന്റെ മകൻ ഉൾപ്പെട്ട സംഘമാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് വിവരം.
തുടർന്ന് പര്യടനം നിറുത്തിവച്ച മുരളീധരൻ,പ്രവർത്തകരോട് സംയമനം പാലിക്കാൻ നിർദ്ദേശിക്കുകയും പള്ളിക്കൽ പൊലീസിനെ വിവരമറിയിക്കുകയും ചെയ്‌തു. പ്രവർത്തകർ മൊബൈൽ ഫോണിൽ പകർത്തിയ അക്രമികളുടെ ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്.
കല്ലറക്കോണം ജംഗ്ഷനിൽ സി.പി.എമ്മിന്റെ കൊടി വീശി സംഘർഷമുണ്ടാക്കാൻ ശ്രമിച്ചെന്നാണ് ബി.ജെ.പി പ്രവർത്തകർ പറയുന്നത്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് നേതാക്കൾ അറിയിച്ചു.
പ്രകോപനശ്രമം അപലപനീയം: വി.മുരളീധരൻ
ആറ്റിങ്ങൽ: എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണം അലങ്കോലപ്പെടുത്താൻ നടത്തിയ ശ്രമം അപലപനീയമാണെന്നും നിർഭയമായും സുഗമമായും പ്രചാരണം നടത്താനുള്ള അവസരമൊരുക്കാൻ പൊലീസ് തയ്യാറാകണമെന്നും വി.മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് പള്ളിക്കലിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് നേരേ ആക്രമണമുണ്ടായിരുന്നു. അതേ പഞ്ചായത്തിലെ പകൽക്കുറി കൊട്ടിയംമുക്കിൽ വച്ചാണ് ഇപ്പോൾ പ്രചാരണ വാഹനത്തിന് അടുത്തെത്തിയ ബൈക്ക് യാത്രികർ അസഭ്യം പറഞ്ഞ് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.