തിരുവനന്തപുരം: പ്രിയപ്പെട്ടവർക്ക് ഒരുപാട് ഓർമ്മകൾ ബാക്കിവച്ചാണ് ഗാന്ധിമതി ബാലൻ വിടപറയുന്നത്. അടങ്ങാത്ത സിനിമാമോഹവുമായാണ് പത്തനംതിട്ടയിൽ നിന്നും 40 വർഷം മുമ്പ് ബാലൻ തലസ്ഥാനത്തെത്തിയത്. പ്രിയ സുഹൃത്ത് സംവിധായകൻ പദ്മരാജനൊപ്പം ചേർന്ന് നിരവധി ക്‌ളാസിക് സിനിമകളുടെ നിർമ്മാണത്തിൽ പങ്കാളിയായി. പിന്നീട് തലസ്ഥാന നഗരത്തിന്റെ പ്രിയ പുത്രനായി മാറി.
പലർക്കും അദ്ദേഹം ബാലേട്ടനായിരുന്നു. നഗരത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെല്ലാം അദ്ദേഹം നിറഞ്ഞുനിന്നു. ട്രിവാൻഡ്രം ക്ലബിലെത്തിയതോടെ വിവിധ മേഖലയിലുള്ളവരുടെ ഇഷ്ട വ്യക്തിത്വമായി മാറി. ധന്യ, രമ്യ തിയേറ്ററുകളുടെ ഉടമയെന്ന നിലയിൽ മികച്ച സിനിമകൾ തലസ്ഥാന വാസികളെ കാണിക്കണമെന്ന നിർബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. തിയേറ്റർ വിൽക്കുന്നതുവരെ ആ പതിവ് തുടർന്നു.
പദ്മരാജൻ സംവിധാനം ചെയ്ത് ഗാന്ധിമതി ബാലൻ നിർമ്മിച്ച 'നൊമ്പരത്തിപ്പൂ" പിറന്നിട്ട 37 വർഷം തികഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു. ഞാൻ ഗന്ധർവ്വൻ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് 1991 ജനുവരി 22ന് കോഴിക്കോടെത്തിയ ബാലനും പദ്മരാജനും ഉറങ്ങാൻ കിടന്നപ്പോഴും ഒരുമിച്ചായിരുന്നു. ഉറക്കമെണീറ്റപ്പോൾ തന്റെ പ്രിയ കൂട്ടുകാരൻ ഇനി ഉണരില്ലെന്ന് ആദ്യമായി അറിഞ്ഞതും ബാലനായിരുന്നു. വളരെക്കാലം പദ്മരാജൻ ട്രസ്റ്റിന്റെ സാരഥിയായി പ്രവർത്തിച്ച് അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് കൂട്ടായി.
ബാലേട്ടന്റെ ഓർമ്മകളിൽ പദ്മരാജന്റെ മകൻ
പദ്മരാജന്റെ പുത്രൻ അനന്തപദ്മനാഭൻ ഗാന്ധിമതി ബാലനെക്കുറിച്ചുള്ള തന്റെ ഓർമ്മകളിലൊന്ന് ഫേസ്ബുക്കിൽ കുറിച്ചു.
2012ൽ എന്റെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായി. കുറെക്കാലം ആ പൊള്ളൽ തിണർത്തുകിടന്നു. ഒരു വർഷത്തിനുശേഷം ഒരു മരണ വീട്ടിൽ വച്ച് ബാലേട്ടനെ കണ്ടു. എന്നെ മാറ്റി നിറുത്തി ചോദിച്ചു, 'എന്തു പറ്റി? അങ്ങ് വല്ലാതെ ആയി പോയല്ലൊ. ഫുഡ് കഴിക്കുന്നില്ലെ ശരിക്കും?'
നോൺ വെജ് മുഴുവനും നിറുത്തി. ഒന്നും കഴിക്കുന്നില്ല. ഞാൻ പറഞ്ഞു. "അതെന്താ?""അവന് ഇഷ്ടമുണ്ടായിരുന്നത് ഇനി എനിക്കും വേണ്ട. നിറുത്തി". പെട്ടെന്ന് ബാലേട്ടന്റെ കണ്ണുനിറഞ്ഞു. "അങ്ങനെ ചിന്തിക്കണോ. പകരം ഒരു കുഞ്ഞിനെ ദൈവം തന്നില്ലേ. "ഫിഷ് എങ്കിലും കഴിക്കണം. പ്ലീസ് എനിക്കുവേണ്ടി. വിഷമിപ്പിക്കരുത്." സമ്മതിച്ചു, "മീൻ കഴിക്കാം. വേറൊന്നും വയ്യ.'' അദ്ദേഹം കുറിച്ചു.