v-joy

വർക്കല: പ്രചാരണത്തിന് വേഗം കൂട്ടി ജനമനസുകളിൽ ഇടം നേടാൻ മുതിർന്ന നേതാക്കളും കളത്തിലിറങ്ങി.

ആറ്റിങ്ങൽ മണ്ഡലത്തിലെ വർക്കല, കന്യാകുളങ്ങര, കാട്ടാക്കട എന്നിവിടങ്ങളിൽ നടന്ന വി. ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. പൊള്ളുന്ന ചൂടിനെ വകവയ്ക്കാതെ പതിനായിരങ്ങളാണ് ചുവന്ന ബലൂണുകളും പാർട്ടി ചിഹ്നം പതിപ്പിച്ച തൊപ്പികളും ധരിച്ചെത്തിയത്. വി.ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിന്റെ സി.ഡി പ്രകാശനം ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി ആനാവൂർ നാഗപ്പന് നൽകി നിർവഹിച്ചു.

മംഗലപുരം, മുദാക്കൽ പഞ്ചായത്തുകളിലാണ് വി.ജോയിയുടെ ഇന്നത്തെ പര്യടനം. രാവിലെ 8ന് ആലപ്പുറംക്കുന്നിൽ നിന്നാരംഭിക്കുന്ന പര്യടനം രാത്രിയോടെ വാളക്കാട്ട് സമാപിക്കും.

സഞ്ചാരികളുടെ പറുദീസയായ വർക്കലയിലായിരുന്നു ഇന്നലെ അടൂർ പ്രകാശിന്റെ പര്യടനം. പ്ലാവഴികം ജംഗ്ഷനിൽ നിന്നാരംഭിച്ച പര്യടനം വർക്കല കഹാർ ഉദ്ഘാടനം ചെയ്‌തു. റാത്തിക്കൽ, താഴെവെട്ടൂർ, പുത്തൻചന്ത, ആൽത്തറമൂട്, കുരയ്‌ക്കണ്ണി, പുന്നമൂട്, ഇടവ, കാപ്പിൽ, കായൽപ്പുറം, കരുനിലക്കോട്, ഹരിഹരപുരം തുടങ്ങി 60 ഓളം കേന്ദ്രങ്ങളിൽ സ്വീകരണം ഒരുക്കിയിരുന്നു. രഘുനാഥപുരം മുതൽ നടയറ വരെയുള്ള പര്യടനവേളയിൽ അണികൾക്ക് ആവേശമായി ചാണ്ടി ഉമ്മനും പങ്കെടുത്തു. ചിറയിൻകീഴ് ബ്ലോക്ക് മേഖലകളിലാണ് ഇന്നത്തെ പര്യടനം. രാവിലെ 7.15ന് തൊട്ടിക്കല്ല് ജംഗ്ഷനിൽ നിന്നും പര്യടനമാരംഭിക്കും.

കടയ്ക്കാവൂർ, കിളിമാനൂർ മണ്ഡലങ്ങളിലായിരുന്നു കഴിഞ്ഞദിവസം വി. മുരളീധരന്റെ പര്യടനം. കായിക്കരയിലെ കുമാരനാശാൻ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് പര്യടനമാരംഭിച്ചത്. കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, കിഴുവിലം, പഴയകുന്നുമ്മൽ, പുളിമാത്ത് എന്നിവിടങ്ങളിലെ വിവിധയിടങ്ങളിൽ ആവേശകരമായ സ്വീകരണമാണ് വി. മുരളീധരന് പ്രവർത്തകർ ഒരുക്കിയത്.