general

ബാലരാമപുരം: ബാലരാമപുരം കൊടിനടയിൽ റോഡിലൂടെ ഒഴുകുന്ന ഡ്രെയിനേജ് മാലിന്യം കാരണം വഴിനടക്കാൻപോലും കഴിയാത്ത അവസ്ഥയിൽ യാത്രക്കാരും വ്യാപാരികളും. പകർച്ചാവ്യാധികൾ മുറപോലെ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മാലിന്യം കൂടി വഴിനീളെ ഒഴുകുന്നതിൽ ആശങ്കയിലാണ് നാട്ടുകാർ. കഴി‍ഞ്ഞ മൂന്ന് ആഴ്ചയായി ഈ മാലിന്യം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട്. ജനങ്ങൾക്ക് ഇത്രയും ദുരിതമുണ്ടാകുന്ന തരത്തിൽ മാലിന്യം ഒഴുകിയിട്ടും ബന്ധപ്പെട്ട അധികാരികൾ കണ്ടമട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. രണ്ട് ദിവസം മുമ്പ് റോഡിലൂടെ ഒഴുകിയ മലിനജലം ദേഹത്ത് തെറിച്ച് വഴിയാത്രക്കാരനായ അമ്മാനൂർക്കോണം വലിയവിളാകത്ത് വീട്ടിൽ പത്മകുമാറിനും ആരോഗ്യപ്രശ്നങ്ങളുണ്ടായി. ദേഹത്ത് ചൊറിച്ചിലും അസ്വസ്ഥതയും നേരിട്ട ഇദ്ദേഹം ബാലരാമപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. ഇതുപോലെ നിരവധി യാത്രക്കാരാണ് കൊടിനടയിൽ മലിനജലം ചവിട്ടി കടന്നുപോകുന്നത്.

 മലിനജലം ദേഹത്തേക്ക്

നാലു റോഡുകൾ സംഗമിക്കുന്ന കൊടിനടയിൽ വടക്കേവിള ഭാഗത്തേക്ക് കടന്നുപോകുന്ന വാഹനത്തിൽ നിന്നുമാണ് കൂടുതൽ മലിനജലം വഴിയാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നത്. കൊടിനട ജംഗ്ഷനിൽ അമ്പതോളം കച്ചവടക്കാരാണ് ഈ ദുരിതം നേരിടുന്നത്. പരാതിയുമായി വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളും രംഗത്തെത്തിയിട്ടുണ്ട്. ദേശീയപാതയിൽ മൂന്നാംഘട്ടവികസനം കൊടിനടയിൽ നിന്നുമാണ് ആരംഭിക്കുന്നത്. ബാലരാമപുരം –കൊടിനട ഭാഗത്ത് അശാസ്ത്രീയമായ രീതിയിൽ താത്കാലികമായാണ് ഓട നിർമ്മിച്ചിരിക്കുന്നത്. വീടുകളിൽ നിന്നും കടകളിൽ നിന്നുമുള്ള ഡ്രെയിനേജ് മാലിന്യം പൊതു ഓടയിൽ പൈപ്പ് കണക്ട് ചെയ്താണ് ഒഴുക്കിവിടുന്നത്. ഇതിനെതിരെ നിരവധി പരാതികൾ പഞ്ചായത്തിന് കൈമാറിയെങ്കിലും ഇതേവരെ നടപടി സ്വീകരിച്ചിട്ടില്ല.

 പകർച്ചവ്യാധിഭീഷണിയിൽ കൊടിനട

നാട്ടുകാരും കച്ചവടക്കാരും രേഖാമൂലം പരാതി പഞ്ചായത്തിന് കൈമാറിയിട്ടും അധികൃതർ മരാമത്ത് വകുപ്പിന് കത്ത് കൈമാറി മേൽനടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ഈ നടപടി യാത്രക്കാർക്ക് ഇരട്ടിപ്രഹരമാണ് സമ്മാനിക്കുന്നത്. ബാലരാമപുരം ടൗണിൽ തന്നെ പല ജംഗ്ഷനുകളിലും ഓടകൾ മാലിന്യം കൊണ്ട് നിറയുകയാണ്.