തിരുവനന്തപുരം : കണ്ണമ്മൂല പാലത്തിനു സമീപം 5 വർഷമായി വഴിയോരക്കച്ചവടം നടത്തുന്ന എസ്.അനിതയെ കച്ചവട സ്ഥലത്തു നിന്ന് ഒഴിപ്പിക്കാനുള്ള നഗരസഭയുടെ തീരുമാനം നടപ്പാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ.പരാതിക്കാരിയുടെ ഉപജീവനമാർഗമായ കട പകരം സംവിധാനം കണ്ടെത്തുന്നതുവരെ ഒഴിപ്പിക്കേണ്ടതില്ലെന്നും പരാതിക്കാരിയുടെ ഭാഗം കൂടി കേട്ട് നഗരസഭാ സെക്രട്ടറി ഉചിതമായ തീരുമാനമെടുക്കണമെന്നും കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡിഷ്യൽ അംഗവുമായ കെ.ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.അനിത വഴിയോരക്കച്ചവടം നടത്തുന്ന സ്ഥലം കോർപ്പറേഷന്റെ അധീനതയിലുള്ളതാണെന്നും പരാതിക്കാരിക്ക് തിരിച്ചറിയൽ കാർഡോ ലൈസൻസോ നൽകിയിട്ടില്ലെന്നും നഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.സ്ഥലത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്.ഉള്ളൂർ തോടിന്റെ പുനരുദ്ധാരണം നടക്കുകയാണ്.തോടിന്റെ ഭിത്തി നിർമ്മിക്കാനും തോട്ടിലേക്ക് ജെ.സി.ബി ഇറക്കി ശുചീകരണം നടത്താനും വഴിയോരക്കച്ചവടം മാറ്റേണ്ടതുണ്ട്.വാർഡ് കൗൺസിലർ ഇക്കാര്യം നിർദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.എന്നാൽ തോടിന്റെ പുനരുദ്ധാരണം ഇപ്പോൾ നടക്കുന്നില്ലെന്നും തന്റെ കട കാരണം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നില്ലെന്നും പരാതിക്കാരി കമ്മിഷനെ അറിയിച്ചു.