
മുപ്പത്തിയൊന്നാം വിവാഹ വാർഷികം ആഘോഷിച്ച് നടൻ റഹ്മാൻ. ഉപ്പയുടെയും ഉമ്മയുടെയും വിവാഹ വാർഷികദിനത്തിൽ മക്കളായ റുഷ്ദയുടെയും അലീഷയുടെയും ആശംസ ശ്രദ്ധനേടുന്നു. കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രമാണ് ഇളയ മകൾ അലീഷ പങ്കുവച്ചത്. 1993ൽ ആയിരുന്നു റഹ്മാന്റെയും മെഹ്റന്നുസയുടെയും വിവാഹം.
മൂത്ത മകൾ റുഷ്ദയുടെ വിവാഹം രണ്ടുവർഷം മുൻപായിരുന്നു.
പദ്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ സിനിമയിലൂടെ അഭിനയരംഗത്തേക്കു വന്ന താരമാണ് റഹ്മാൻ. മലയാളത്തിൽ നായകനായും സഹനടനായും എൺപതുകളിൽ റഹ്മാൻ തിളങ്ങി. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം മൂന്നാമനായി റഹ്മാൻ നിറഞ്ഞുനിന്നിരുന്നു. അന്യഭാഷകളിൽ സജീവമായ റഹ്മാൻ 2004ൽ ബ്ളാക്ക് എന്ന ചിത്രത്തിലൂടെ ശക്തമായി മലയാളത്തിലേക്ക് തിരിച്ചുവന്നു. മലയാളം ഉൾപ്പെടെ എല്ലാ ഭാഷകളിലും സജീവം.