pinarai

കാട്ടാക്കട: എല്ലാ രംഗങ്ങളിലും പുരോഗതി നേടി കേരളം നമ്പർ വൺ എന്ന കേരള സ്റ്റോറി മാത്രമേ സംസ്ഥാനത്തുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ്റിങ്ങൽ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം കാട്ടാക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അധികാരത്തിൽ വന്ന ഒന്നാം യു.പി.എ സർക്കാർ ജനക്ഷേമകരമായ പ്രവർത്തനങ്ങളാണ് നടത്തിയത്. ഇതിന്റെ ഫലമായാണ് ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതി യാഥാർത്ഥ്യമായത്. എന്നാൽ പിന്നീടുവന്ന സർക്കാർ ഇടതുപക്ഷത്തിന്റെ എതിർപ്പിനെ അവഗണിച്ച് ആസിയാൻ കരാർ നടപ്പിലാക്കിയതാണ് റബർ ഉൾപ്പടെയുള്ള കാർഷിക വിളകൾക്ക് നാശം സംഭവിക്കാൻ കാരണം.

ബി.ജെ.പിയും കോൺഗ്രസും ഒരേ സാമ്പത്തിക നയങ്ങളുടെ വക്താക്കളാണ്. ഇതിന്റെ ഫലമായി ലോകത്തെ അതിദരിദ്രരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടംനേടി. ഇതിനെ മറികടക്കാൻ കേന്ദ്രം ഒരു നടപടിയും സ്വീകരിക്കുന്നില്ല. എന്നാൽ, ഇടതുപക്ഷം ബദൽ നയങ്ങളാണ് പിന്തുടരുന്നത്.

കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ 2025ൽ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. ബി.ജെ.പിയോടും കോൺഗ്രസിനോടുമുള്ള എതിർപ്പുകാരണം കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അനുകൂല തരംഗമാണ് കാണാൻ കഴിയുന്നത്. ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷനായി.