പൂവാർ: തെക്കൻ കേരളത്തിലെ തീർത്ഥാടന കേന്ദ്രമായ പുതിയതുറ സെന്റ് നിക്കോളാസ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ 27ന് തുടങ്ങി മേയ് 5ന് സമാപിക്കും.തീർത്ഥാടനത്തോടനുബന്ധിച്ച് കരുംകുളം ഗ്രാമപഞ്ചായത്ത് പ്രത്യേക ഉത്സവ മേഖലയായി ജില്ലാ കളക്ടർ ഉത്തരവിറക്കി. തീർത്ഥാടകർക്കു വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയാണ്.തിരുനാളിന്റെ അവസാന മൂന്ന് ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തും.പൂവാർ,വിഴിഞ്ഞം,നെയ്യാറ്റിൻകര ഡിപ്പോകളിൽ നിന്നും ഇവിടേക്കും തിരിച്ചും സർവീസുകളുണ്ടാകും.

പൊഴിയൂർ,അഞ്ചുതെങ്ങ്,പെരുമാതുറ സർവീസുകൾ വിപുലമാക്കാനും പൂവാർ,പുല്ലുവിള,കാഞ്ഞിരംകുളം,നെയ്യാറ്റിൻകര വരെയും പുതിയതുറ,ലൂർദ്പുരം വഴി തിരുവനന്തപുരത്തേക്കും സർവീസ് ആരംഭിക്കാൻ തീരുമാനിച്ചു.കൊടിയേറ്റ് ദിനത്തിലും അവസാനത്തെ മൂന്ന് ദിവസങ്ങളും കൂടുതൽ വനിതാ പൊലീസിനെ ഉൾപ്പെടെ വിന്യസിച്ച് സുരക്ഷ ഉറപ്പാക്കും.

27ന് വൈകിട്ട് 6.30ന് കൊടിയേറ്റ് ഇടവക വികാരി ഡോ.ഗ്ലാഡിൻ അലക്സ്‌ നിർവഹിക്കും.തുടർന്ന് ദിവ്യബലി.തിരുനാൾ ഒരുക്കധ്യാനം 21 മുതൽ 24വരെ കപ്പുച്ചിൻ വൈദികർ നയിക്കും.മേയ്‌ 4ന് നടക്കുന്ന സന്ധ്യാവന്ദന ശുശ്രൂഷയ്ക്ക് ഹിസ് എമിനൻസ് കർദിനാൾ ആന്റണി പൂല (ഹൈദരാബാദ് അതിരൂപത) മുഖ്യകാർമികനാകും.തുടർന്ന് അശ്വാരൂഢരുടെ അകമ്പടിയോടെ ഭക്തിനിർഭരമായ തേരെടുപ്പ് നടക്കും.മേയ് 5ന് രാവിലെ 9ന് തിരുനാൾ സമൂഹ ദിവ്യബലി തമിഴ് റൈറ്റ് ഡോ.പീറ്റർ റെമിജിയുസ് മുഖ്യകാർമ്മികനാകും.വൈകിട്ട് 6ന് പൊന്തിഫിക്കൽ സമൂഹ ദിവ്യബലിക്ക് തിരുവനന്തപുരം മെത്രാപ്പോലീത്ത ഡോ.തോമസ് ജെ.നെറ്റോ മുഖ്യകാർമികനാകും.തിരുനാളിന് വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചതായി ഇടവക വികാരി ഡോ.ഗ്ലാഡിൻ അലക്സ് അറിയിച്ചു.