പള്ളിക്കൽ:ബി.ജെ.പി സ്ഥാനാർത്ഥി വി.മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരെ അസഭ്യവർഷം നടത്തി പ്രചാരണ പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. പകൽക്കുറി കൊട്ടിയംമുക്ക് കിളിത്തട്ടിൽ മുകളിൽ സജീർ (31), പകൽക്കുറി തിരുവോണം വീട്ടിൽ അഖിൽ (30), പകൽക്കുറി ചരുവിള പുത്തൻവീട്ടിൽ മുഹമ്മദ് ഷാൻ( 28 ) എന്നിവരെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റുചെയ്ത്. ബുധൻ രാത്രിയാണ് കൊട്ടിയം മുക്കിൽ വച്ച് വി. മുരളീധരനു നേരെ അസഭ്യവർഷവുമായി ബൈക്കിൽ മൂവർസംഘം പിന്തുടർന്നത്. സമാധാനപരമായി നടത്തിയ വാഹന പ്രചാരണ ജാഥയ്ക്കനേരെയുള്ള ഹീനമായ പ്രവൃത്തിക്കെതിരെ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു.പിന്നീട് പള്ളിക്കൽ പൊലീസ് എത്തിയതോടെയാണ് പര്യടനം തുടർന്നത്. സംഭവത്തെ പൊലീസ് നിസാരമായി കാണുന്നുവെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. പ്രതികളെ പിടികൂടിയെങ്കിലും ഉന്നതർ ഇടപെട്ട് മൂവരെയും ജാമ്യത്തിൽ വിടുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനെ പള്ളിക്കൽ വച്ച് സി.പി.എം പ്രവർത്തകർ തടഞ്ഞിരുന്നു.