തിരുവനന്തപുരം: ഗുരുവായൂരപ്പനെ കണ്ട് അനുഗ്രഹം തേടിയ ശേഷം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഇന്നലെ വന്നിറങ്ങിയത് പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും സ്നേഹവായ്‌പുകളിലേക്ക്. പുലർച്ചെ ഗുരുവായൂരിലും മമ്മിയൂരിലും ദർശനം നടത്തിയ ശേഷം വന്ദേഭാരത് എക്‌സ്‌പ്രസിലാണ് അദ്ദേഹം തലസ്ഥാനത്ത് മടങ്ങിയെത്തിയത്. തുടർന്ന് 3.30 ഓടെ കരിക്കകം ക്ഷേത്രത്തിലെത്തി.സ്ഥാനാർത്ഥി എത്തിയതോടെ മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ സ്വീകരിച്ചു.മൂന്നാം ദിവസത്തെ റോഡ് ഷോ എഴുത്തുകാരിയും വനിതാ കമ്മിഷൻ മുൻ അംഗവും ബി.ജെ.പി വൈസ് പ്രസിഡന്റുമായ പ്രമീള ദേവി ഉദ്ഘാടനം ചെയ്തു.വൈകിട്ട് നാലോടെ വാഹന പര്യടനം തുടങ്ങി.കരിക്കകം,വിനായക് നഗർ, ചാരുംമൂട്, ഒരുവാതിൽക്കോട്ട,വെൺപാലവട്ടം,കുമാരപുരം,മെഡിക്കൽ കോളേജ്,കൊച്ചുള്ളൂർ, പുലയനാർകോട്ട, ചെറുവയ്ക്കൽ തുടങ്ങി 59 ഓളം കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രി വൈകിയാണ് റോഡ് ഷോ സമാപിച്ചത്.

എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻരവീന്ദ്രൻ ഇന്നലെ പാറശാല അസംബ്ളി മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനത്തിലായിരുന്നു.രാവിലെ 8ന് കൊല്ലയിൽ പഞ്ചായത്തിലെ ചെമ്മണ്ണു വിളയിൽ നിന്നാരംഭിച്ച പര്യടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ കടന്നുവന്ന സ്ഥാനാർത്ഥി പന്ന്യനെ സ്വീകരിക്കാനായി പ്രവർത്തകർ കാത്തുനിന്നു. പൂച്ചെണ്ടുകൾ,​പനം നൊങ്ക് കുല,​വാഴക്കുല,​ഹാരം എന്നിവ അർപ്പിക്കാൻ പ്രവർത്തകരും സാധാരണക്കാരും തിക്കിത്തിരക്കി. ചെമ്മണ്ണുവിളയിൽ നിന്നാരംഭിച്ച മണ്ഡലപര്യടനം മലയിൽക്കട, മഞ്ചവിളാകം, മണിവിള,ധനുവച്ചപുരം,പനയംമൂല, വരിക്കമാംവിള,കൊറ്റാമം,പനയറക്കൽ, പാനന്തടക്കോണം,പവതിയാൻവിള, പരശുവയ്ക്കൽ,ചന്ദനക്കട്ടി, പോസ്റ്റ് ഒാഫീസ് ജംഗ്ഷൻ, പുത്തൻകട, നെടുവാൻവിള, ഗ്രാമം,ഇഞ്ചിവിള, ആമ്പാടി കോട്ടവിള,തളച്ചാൻവിള മുണ്ടപ്ലാവിള വഴി രാത്രി വൈകി പാറശാല മഹാദേവർ ക്ഷേത്രനടയിൽ സമാപിച്ചു. യു,​ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശി തരൂർ ഇന്നലെ വിശ്രമത്തിലായിരുന്നു. അതേസമയം,​സിനിമാനിർമ്മാതാവ് ഗാന്ധിമതി ബാലന്റെ മൃതദേഹം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിനു വച്ചപ്പോൾ തരൂർ അന്ത്യാഞ്ജലി അർപ്പിച്ചു.