തിരുവനന്തപുരം: കവടിയാർ-അമ്പലംമുക്ക് റോഡിൽ ആദായ നികുതി ഓഫീസിന് സമീപം വ്യക്തികൾ കൈയേറിയ സ്ഥലം റവന്യൂവകുപ്പ് പൂർവ സ്ഥിതിയിലാക്കി. റവന്യൂ വകുപ്പ് സ്ഥലത്തിന്റെ ചുറ്റുമതിൽ 10 മീറ്ററോളം നീളത്തിൽ പൊളിച്ച് ഗേറ്രു സ്ഥാപിക്കുകയും ഏഴ് സെന്റോളം വഴിവെട്ടുകയും ചെയ്തിരുന്നു. കുറെ മരങ്ങളും വെട്ടിമാറ്റി. വ്യാഴാഴ്ച ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പേരൂർക്കട വില്ലേജ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് കേസ് രജിസ്റ്രർ ചെയ്തിട്ടുണ്ട്.

റവന്യൂ ഭവൻ നിർമ്മിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട സർക്കാർ ഭൂമിയുടെ ചുറ്രുമതിലാണ് പൊളിച്ചത്.ഇന്നലെ തിരുവനന്തപുരം തഹസിൽദാർ മോഹൻകുമാർ, പേരൂർക്കട വില്ലേജ് ഓഫീസർ ദർശൻ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂഅധികൃതർ കൈയേറ്രം നടന്ന സ്ഥലം അളന്നു തിട്ടപ്പെടുത്തി മതിലും കെട്ടി.

ഈ സ്ഥലത്തിനോടു ചേർന്നാണ് കവടിയാർ കൊട്ടാരം വക റബർ എസ്റ്റേറ്റ്. ഇവിടേക്ക് പോകാൻ വേറെ വഴിയുണ്ട്. അതുകൂടാതെയാണ് ഇപ്പോൾ പുതിയ വഴി നിർമ്മിക്കാൻ ശ്രമിച്ചത്.

കൊട്ടാരത്തിന്റെ അറിവോടെയാണ് മതിൽ പൊളിച്ച് വഴി വെട്ടിയതെന്ന് റവന്യൂവകുപ്പ് വ്യക്തമാക്കിയെങ്കിലും ഇതേക്കുറിച്ച് അറിയില്ലെന്നാണ് കൊട്ടാരം അധികൃതർ പറയുന്നത്. റവന്യൂഭൂമിയുടെ മതിൽ പൊളിക്കുകയും വഴി വെട്ടുകയും ചെയ്തതുമായി ബന്ധപ്പെട്ട് വിശദീകരണം ആരാഞ്ഞുകൊണ്ട് ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം കൊട്ടാരത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.

പേരൂർക്കട വില്ലേജിൽ കവടിയാർ കൊട്ടാരം വക മിച്ചഭൂമിയായി ഏറ്റെടുത്ത 3.25 ഏക്കറിൽ നിന്നാണ് 1.30 ഏക്കർ റവന്യൂ ആസ്ഥാന മന്ദിരത്തിന് അനുവദിച്ചത്.