k

തിരുവനന്തപുരം: വ്രതം നോക്കി തൂക്കമെടുത്ത് അന്യസംസ്ഥാന തൊഴിലാളി.വെള്ളനാട് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന തൂക്ക നേർച്ചയിലാണ് പശ്ചിമബംഗാൾ ധൂപ്ഗുരി സ്വദേശിയായ ലക്ഷ്‌മൺ റോയ് (38) തൂക്ക വ്രതക്കാരനായത്.ലക്ഷ്‌മൺ ജോലി ചെയ്യുന്ന വീടിന്റെ ഉടമസ്ഥൻ വെള്ളനാട് സ്വദേശിയും മുൻ സൈനികനുമായ നീലകണ്ഠൻ കുട്ടിയുടെ കൊച്ചുമകൻ ഒരു വയസുള്ള ദ്രുവിനെ കൈയിലേന്തിയാണ് തൂക്കവില്ലേറിയത്.

പതിനേഴുവർഷം മുൻപാണ് ലക്ഷ്മൺ കേരളത്തിലെത്തുന്നത്.നീലകണ്ഠൻ കുട്ടിയുടെ വീട്ടിൽ പശുക്കളെ നോക്കുന്നതായിരുന്നു ലക്ഷ്മൺ റോയുടെ ആദ്യ ജോലി.പതിയെ വെൽഡിംഗ് പഠിച്ചു.മലയാളം വശമാക്കി. പ്രദേശത്തെ കല്യാണത്തിന് മുതൽ അടിയന്തരത്തിന് വരെ ലക്ഷ്മണന്റെ കൈയെത്തും.നാട്ടുകാർക്കൊപ്പം ശബരിമലയിലും പോയിട്ടുണ്ട്.

വെള്ളനാട് ക്ഷേത്രത്തിലെ വെൽഡിംഗ് ജോലികളും ചെയ്തിരുന്നു.ഉത്സവങ്ങൾക്ക് പറയെടുക്കാനും പോകും. ദ്രുവിനു വേണ്ടി തൂക്ക വ്രതമെടുക്കാമെന്ന് ലക്ഷ്മൺ അറിയിക്കുകയായിരുന്നു. ക്ഷേത്രഭരണസമിതിയും സമ്മതിച്ചു.

കുടുംബത്തിലൊരാൾ

രണ്ട് പെൺമക്കൾ പോളിയോ വന്ന് ചെറുപ്പത്തിൽ മരിച്ച നീലകണ്ഠനും ഭാര്യ ശ്രീകലയ്ക്കും മകൻ വിഷ്ണുവിനെ (ദ്രുവിന്റെ അച്ഛൻ)​ പോലെ തന്നെയാണ് ലക്ഷ്മണനും.താമസവും ഭക്ഷണവും ഇവരുടെ വീട്ടിൽ തന്നെ.2020ൽ ലക്ഷ്മൺ വിവാഹം ചെയ്യാൻ ബംഗാളിലേക്ക് പോയപ്പോൾ ചെക്കൻ വീട്ടുകാരായി വെള്ളനാട് നിന്നൊരു സംഘവും ഒപ്പം ചെന്നിരുന്നു.