തിരുവനന്തപുരം: കെ.എസ്.ഇ.ബി വിജിലൻസിൽ ഡിവൈ.എസ്.പിയായിരിക്കെ, തിരുവനന്തപുരം സ്വദേശി ലളിതയുടെ ഉടമസ്ഥതയിലുള്ള വില്പന നടത്താത്ത ഫ്ലാറ്റിലെ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കിയ മുഹമ്മദ് ഹുസൈനെതിരെ അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് നിർദ്ദേശം. ഡിവൈ.എസ്.പിയെന്ന സ്വാധീനമുപയോഗിച്ച് രേഖകളിൽ തിരിമറി നടത്തി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ സഹായത്തോടെ കണക്ഷൻ തട്ടിയെടുത്തതിന് വിരമിച്ചെങ്കിലും മുഹമ്മദ് ഹുസൈനെതിരെ അച്ചടക്ക നടപടിയെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്തിരുന്നു. തുടർന്നാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.

ലളിതയുടെ ഉടമസ്ഥതയിലുള്ള ബ്ലൂ മാൻഷൻസ് കെട്ടിടത്തിൽ മൂന്ന് നിലകളിലായി ഏഴ് ഫ്ലാറ്റുകൾക്ക് വെവ്വേറെ വൈദ്യുതി കണക്ഷനുണ്ടായിരുന്നു. ഇതിൽ വില്പന നടത്താത്ത എ-4 ഫ്ലാറ്റിന്റെ വൈദ്യുതി കണക്ഷൻ ലളിതയുടെ സമ്മതമില്ലാതെ ഇതേ കെട്ടിടത്തിലെ ഫ്ലാറ്റുടമ കൂടിയായ മുഹമ്മദ് ഹുസൈന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. തട്ടിപ്പ് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പിന്റെ ഉത്തരവിലുണ്ട്.