തിരുവനന്തപുരം: കോൺഫിഡെൻഷ്യൽ റിപ്പോർട്ട് നൽകാൻ വൈകിയതിനെ തുടർന്ന് സ്ഥലംമാറ്റപ്പെട്ട അസിസ്റ്റന്റ് എൻജിനീയർമാർ പുതിയ സ്ഥലത്ത് ചുമതലയേറ്റില്ലെന്ന് ഊമക്കത്ത്. ഉടൻ നടപടിയെടുത്ത് ജല അതോറിട്ടി എം.ഡി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്. എന്നാൽ,​ തിരഞ്ഞെടുപ്പ് വേളയിൽ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റരുതെന്ന വ്യവസ്ഥ ലംഘിച്ചാണ് എം.ഡിയുടെ നടപടിയെന്ന ആരോപണവുമായി ഉദ്യോഗസ്ഥർ രംഗത്തെത്തി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള 13 ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. കഴിഞ്ഞ വർഷത്തെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് നൽകാൻ വൈകിയെന്ന് ആരോപിച്ച് ഈ ഉദ്യോഗസ്ഥരെ ഫെബ്രുവരിയിൽ സ്ഥലം മാറ്റിയിരുന്നു. സാധാരണ, വർഷത്തിന്റെ അവസാനമാണ് മേലധികാരി കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കുന്നത്. ഇതിനൊപ്പം ഉദ്യോഗസ്ഥർ സെൽഫ് ഡിക്ളറേഷൻ കൂടി നൽകുണം. ഇത് നൽകാൻ വൈകിയതാണ് നടപടിക്കിടയാക്കിയത്. എന്നാൽ,​ യൂണിയനുകൾ ഇടപെടുകയും മന്ത്രിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുകയും ചെയ്തു. പിന്നാലെ ഇവരോട് കോൺഫിഡൻഷ്യൽ റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചു. സ്ഥലംമാറ്റം താത്കാലികമായി നടപ്പാക്കേണ്ടെന്നും തീരുമാനിച്ചു.

ഹ ഇതിനിടെയാണ്,​ സ്ഥലംമാറ്റപ്പെട്ടവർ പഴയ സ്ഥലങ്ങളിൽ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി എം.ഡിക്ക് ഊമക്കത്ത് ലഭിച്ചത്. ഉത്തരവ് നടപ്പാക്കാൻ എം.ഡി ശ്രമിച്ചില്ലെന്നും കത്തിലുണ്ടായിരുന്നു. തുടർന്ന്, ​എം.ഡി ഓൺലൈനായി യോഗം വിളിച്ച് ഉദ്യോഗസ്ഥരോട് ഉടൻ സ്ഥലംമാറ്റപ്പെട്ട ഇടങ്ങളിൽ ചുമതലയേൽക്കാൻ നിർദ്ദേശിച്ചു. എന്നാൽ,​ തിരഞ്ഞെടുപ്പ് ചുമതലയുണ്ടെന്നും അതിനാൽ തത്കാലത്തേക്ക് സ്ഥലംമാറ്റം നടപ്പാക്കരുതെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. കൂടാതെ തിരഞ്ഞെടുപ്പ് കാലത്ത് സ്ഥലംമാറ്റുന്നത് ചട്ടവിരുദ്ധമാണെന്നും വാദിച്ചു. തുടർന്ന് കോൺഗ്രസ് അനുകൂല യൂണിയൻ ഭാരവാഹികൾ ചർച്ച നടത്തിയെങ്കിലും എം.ഡി വഴങ്ങിയില്ല. പിന്നാലെ ,

ഉദ്യോഗസ്ഥർ ജില്ലാകളക്ടർക്ക് പരാതി നൽകി.