sivagiri-school

ശിവഗിരി: ശ്രീനാരായണഗുരുദേവൻ നൂറുവർഷം മുമ്പ് സ്ഥാപിച്ച ശിവഗിരി സ്കൂൾ ശതാബ്ദി നിറവിൽ. ഇംഗ്ലീഷ് വിദ്യാഭ്യാസം സാധാരണക്കാരിലുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുരുദേവൻ സ്കൂൾ സ്ഥാപിച്ചത്. ശതാബ്ദി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഇക്കഴിഞ്ഞ ശിവഗിരി തീർത്ഥാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. ഒരു വർഷക്കാലം ആഘോഷങ്ങൾ തുടരും.
ആഘോഷങ്ങളുടെ ഭാഗമായി ഇന്നും നാളെയും വിവിധ ചടങ്ങുകൾ സംഘടിപ്പിക്കും. ഇന്ന് 4ന് ശിവഗിരി മഹാസമാധിയിൽ നിന്നു തെളിക്കുന്ന ദീപം ഏറ്റുവാങ്ങി വിളംബര രഥഘോഷയാത്ര സംഘടിപ്പിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ യാത്ര ഫ്ലാഗ് ഒാഫ് ചെയ്യും. നൂറുകണക്കിന് വിദ്യാർത്ഥികളും തദ്ദേശവാസികളും വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകരും ഘോഷയാത്രയിൽ പങ്കെടുക്കും. ഏഴുമണിയോടെ ഘോഷയാത്ര സ്കൂളിൽ എത്തും.


ശതാബ്ദിയോടനുബന്ധിച്ചുള്ള കലാമേള നാളെ ആരംഭിക്കും. സ്കൂളിനു മുന്നിൽ തയാറാക്കുന്ന നൂറുവിളക്കുകൾ ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും പൂർവകാല പ്രധാന അദ്ധ്യാപകർ,​ മറ്റ് അദ്ധ്യാപകർ,​ അനദ്ധ്യാപകർ,​ പൂർവ വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ സാമൂഹിക - സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ചേർന്ന് തെളിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, സിനിമാനടൻ ദേവൻ, സംവിധായകൻ രാജസേനൻ, എം.പി, എം.എൽ.എമാർ എന്നിവരും പങ്കെടുക്കും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആദ്യദീപം തെളിക്കും. തുടർന്ന് കലാപരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ട് ഗാനമേള നടക്കും.
ഗുരുദേവൻ ഇംഗ്ലീഷ് ഭാഷയ്ക്ക് പ്രാധാന്യം നൽകി സ്ഥാപിച്ച ഇവിടെ പ്ലേ സ്കൂൾ മുതൽ ഹയർസെക്കൻഡറി തലം വരെയുണ്ട്. ഗുരുദേവന്റെ വിദ്യാഭ്യാസ ദർശനത്തിന് ഏറെ പ്രാധാന്യം നൽകിയ മുൻമുഖ്യമന്ത്രി ആർ. ശങ്കർ, കുറ്റിപ്പുഴ കൃഷ്ണപിള്ള, നടരാജഗുരു തുടങ്ങിയ നിരവധി പ്രശസ്തർ ഈ സ്കൂളിൽ പ്രധാനാദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിരുന്നു. വാർത്താസമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സ്കൂൾസ് കോർപ്പറേറ്റ് മാനേജർ സ്വാമി വിശാലാനന്ദ പരിപാടികൾ വിശദീകരിച്ചു.