തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം ഇന്നലെ കൊടിയേറ്റോടെ ആരംഭിച്ചു.20ന് രാത്രി സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിലെ വേട്ടക്കളത്തിൽ പള്ളിവേട്ട നടക്കും.21ന് വൈകിട്ട് ശംഖുംമുഖത്തേക്കുള്ള ആറാട്ട് എഴുന്നള്ളത്തിനും സമീപത്തെ മറ്റ് മൂന്ന് ക്ഷേത്രങ്ങളിൽ നിന്നുള്ള കൂടിയാറാട്ടിനും ശേഷം ഉത്സവത്തിന് കൊടിയിറങ്ങും. 19ന് വൈകിട്ട് 5ന് കിഴക്കേനടയിൽ അമ്പലപ്പുഴക്കാരുടെ ആചാരപ്രകാരമുള്ള വേലകളി നടക്കും.രാത്രി 8.30ന് ഉത്സവ ശീവേലിയിൽ വലിയകാണിക്ക നടക്കും.

തന്ത്രി തരണനല്ലൂർ സജി നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിലാണ് കൊടിയേറ്റിയത്.രാവിലെ ശ്രീകോവിലിനുള്ളിലെ ആവാഹനം കഴിഞ്ഞ് തന്ത്രിക്ക് പിന്നാലെ പെരിയനമ്പി കൊടിക്കൂറയും കൊടിക്കയറും കിഴക്കേനടയ്ക്ക് പുറത്ത് കൊടിമരച്ചുവട്ടിൽ എഴുന്നള്ളിച്ചു. പുണ്യാഹവും നാന്ദീമുഖം ദക്ഷിണയും കഴിഞ്ഞായിരുന്നു കൊടിയേറ്റ്.തുടർന്ന് തിരുവമ്പാടിയിൽ തരണനല്ലൂർ പദ്മനാഭൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റി.ഈ സമയം മംഗളസൂചകമായി ആകാശത്ത് ഗരുഡൻ വട്ടമിട്ടു. ഭക്തരുടെ വായ്‌ക്കുരവയും വിഷ്ണുനാമജപവുമായി ഭക്തിസാന്ദ്രമായി.

കൊടിയേറ്റിനു ശേഷം ക്ഷേത്രം എക്സിക്യിട്ടിവ് ഓഫീസർ ബി.മഹേഷ് വാര്യമുറക്കാർക്കും ക്ഷേത്രകാര്യക്കാർക്കും ദക്ഷിണ നൽകി. ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാൾ ആദിത്യവർമ,കരമന ജയൻ,മാനേജർ ബി.ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.ഉത്സവദിവസങ്ങളിൽ ക്ഷേത്രത്തിലെ ദർശനസമയത്തിൽ മാറ്റമുണ്ടായിരിക്കും.പുലർച്ചെ 3.30 മുതൽ 4.45വരെയും 6.30 മുതൽ ഏഴുവരെയും 8.30 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 6 വരെയുമാണ് ദർശന സമയം.രാവിലെ 9 മുതൽ 11വരെ കലശാഭിഷേകത്തിന് ദർശനം അനുവദിക്കും.ആറാട്ട് ദിവസമായ 21ന് രാവിലെ 8.30 മുതൽ 10 വരെ മാത്രമാണ് ദർശനം.