തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകർ പോലും തള്ളിക്കളഞ്ഞ് ഒറ്റപ്പെട്ടുപോയ സ്ഥാനാർത്ഥിയാണ് ശശി തരൂരെന്ന് എൽ.ഡി.എഫ് നേതാക്കൾ .തിരഞ്ഞെടുപ്പ് കാലത്തുമാത്രം കാണപ്പെടുന്ന ദേശാടനക്കിളിയാണെന്നാണ് കോൺഗ്രസുകാർ പറയുന്നതെന്നും മന്ത്രി ജി.ആർ.അനിലും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും ആരോപിച്ചു.
പന്ന്യൻ രവീന്ദ്രനെതിരേ ശശി തരൂർ നടത്തിയ പ്രസ്താവന അഹങ്കാരത്തിൽ നിന്നുണ്ടായതാണ്. പന്ന്യൻ രവീന്ദ്രൻ എന്തിനു മത്സരിക്കുന്നെന്ന തരൂരിന്റെ ചോദ്യത്തിനുള്ള ഉത്തരം വോട്ടെണ്ണിക്കഴിയുമ്പോൾ ജനങ്ങൾ ബോദ്ധ്യപ്പെടുത്തിക്കോളും. പന്ന്യൻ രവീന്ദ്രനെ പോലെയുള്ള ജനകീയ നേതാക്കളോടുള്ള അവജ്ഞയും പുച്ഛവുമാണ് ശശി തരൂരിന്റെ പ്രസ്താവനയിൽ.
ആർ.എസ്.എസ് മനസുള്ള കോൺഗ്രസുകാരനാണ് തരൂർ. ആർ.എസ്.എസ്- ബി.ജെ.പി നേതാക്കളെപ്പോലും അതിശയിപ്പിക്കുന്ന വർഗീയ പ്രസ്താവനകളാണ് അദ്ദേഹം നടത്തിയിട്ടുള്ളതെന്ന് ഇരുവരും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.