തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് നൽകാൻ ലക്ഷ്യമിട്ട വായ്പയിൽ 86ശതമാനവും ഡിസംബറിൽ തന്നെ ജില്ലയിൽ വിതരണം ചെയ്തതായി ജില്ലാതല ബാങ്കിംഗ് അവലോകനയോഗം. ലീഡ് ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ നേതൃത്വത്തിൽ ഹോട്ടൽ എസ്.പി. ഗ്രാന്റ്‌ഡേയ്സിൽ നടത്തിയ ജില്ലാതലബാങ്കിംഗ് അവലോകനസമിതി യോഗം അസിസ്റ്റന്റ് കളക്ടർ അഖിൽ വി. മേനോൻ ഉദ്ഘാടനം ചെയ്തു.

ഡിസംബർ വരെ ജില്ലയിൽ മുൻഗണനാമേഖലയിൽ 20745കോടി രൂപ ബാങ്ക് വായ്പയാണ് വിതരണം ചെയ്തത്. കാർഷികരംഗത്ത് 12692കോടിയും ചെറുകിട വ്യവസായത്തിന് 7400കോടിയും വായ്പ നൽകി. ജില്ലയിലെ വായ്പാനിക്ഷേപാനുപാതം 77ശതമാനമാണ്. 1,19,471 കോടി രൂപയാണ് നിക്ഷേപം. അതിൽ വായ്പ 92264 കോടിയാണ്. 887 ബാങ്ക് ശാഖകളാണ് ജില്ലയിലുള്ളത്.

യോഗത്തിൽ ഐ.ഒ.ബി ഡെപ്യൂട്ടി ജനറൽ മാനേജർ ജി.വി. ദയാൽ പ്രസാദ് സ്വാഗതമാശംസിച്ചു. റിസർവ് ബാങ്ക് ലീഡ് ഡിസ്ട്രിക്ട് ഓഫീസർ മിനി ബാലകൃഷ്ണൻ, നബാർഡ് മാനേജർ ഷാറോൺ വാസ്, ലീഡ് ഡിസ്ടിക്ട് മാനേജർ എസ്. ജയമോഹൻ, വിവിധ വികസന വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, ബാങ്കുകളുടെ റീജിയണൽ മേധാവികൾ ധനകാര്യസാക്ഷരതാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.