തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ സി.പി.എം അനുകൂല സർവീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനിലെ നേതാക്കൾ തമ്മിലുണ്ടായ വാഗ്വാദം കൈയാങ്കളിയുടെ വക്കിലെത്തി. പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും അനുകൂലിക്കുന്ന വിഭാഗങ്ങൾ തമ്മിലാണ് പോരടിച്ചത്.ഒരു മണിക്കൂറോളം സംഘർഷാവസ്ഥ നിലനിന്നു.

ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ സെക്രട്ടേറിയറ്റിന് സമീപത്തെ സംഘടനയുടെ ഓഫീസിലായിരുന്നു സംഭവം. കുറച്ചുനാളുകളായി ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ട്.ദീർഘനാളായി സംഘടനയുടെ പ്രധാന സ്ഥാനത്ത് തുടരുന്ന ഒരു ഭാരവാഹി സ്ഥാനം ഒഴിയണമെന്ന ആവശ്യം മറുവിഭാഗം ഉയർത്തിയിരുന്നു.ഇതാണ് തർക്കത്തിനിടയാക്കിയത്.അതിനിടെ,സംഘടനയുടെ മുഖമാസികയായ സെക്രട്ടേറിയറ്റ് സർവീസിൽ പ്രസിഡന്റിനെ അനുകൂലിക്കുന്ന നേതാവിന്റെ ചിത്രം അപ്രധാനമായി അച്ചടിച്ചുവരികയും ചെയ്തു.ഇത് തർക്കം രൂക്ഷമാക്കി.

ഒരു വിഭാഗത്തിനു നേതൃത്വം നൽകുന്ന സുപ്രധാന ഭാരവാഹിക്കാണ് അടി കിട്ടിയതെന്നാണ് പറയപ്പെടുന്നത്. ഇന്നലെ രാവിലെ സംഘടനാ ഹാളിൽ വച്ചായിരുന്നു തർക്കം തുടങ്ങിയത്.പിന്നീട് ചില മുതിർന്ന നേതാക്കൾ ഇടപെട്ട് ഇരുപക്ഷത്തേയും ഹാളിൽ നിന്ന് ഇറക്കി. തുടർന്ന് സെക്രട്ടേറിയറ്റ് പരിസരത്ത് വച്ച് ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിയായി. സംഭവത്തെ തുടർന്ന് ഇരുപക്ഷത്തേയും എ.കെ.ജി സെന്ററിൽ വിളിച്ചു വരുത്തി നേതാക്കൾ ശാസിച്ചതായും അറിയുന്നു. അതേസമയം, യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് അസോസിയേഷൻ പ്രസ‌ിഡന്റ് ഹണിയും ജനറൽ സെക്രട്ടറി കെ.എൻ.അശോക് കുമാറും പറഞ്ഞു. അടുത്ത മാസമാണ് സംഘടനയുടെ വാർഷിക പൊതുയോഗം .