തിരുവനന്തപുരം: പര്യടനത്തിനിടെ കുടിവെള്ളം മുടങ്ങിയെന്ന പരാതിയുമായെത്തിയ വീട്ടമ്മമാരുമായി പ്രചാരണ വാഹനത്തിൽ വാട്ടർ അതോറിട്ടി ഓഫീസിലെത്തി തരൂർ. പര്യടനം കുഞ്ചാലുമ്മൂട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.അഞ്ച് ദിവസമായി മുടങ്ങിക്കിടക്കുന്ന വെള്ളം പുനഃസ്ഥാപിക്കാൻ എം.പി ഇടപെടണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം.തുടർന്ന് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടക്കാതിരുന്നതോടെയാണ് തന്റെ പ്രചാരണ വാഹനത്തിൽ പരാതിക്കാരുമായി അദ്ദേഹം ഓഫീസിലെത്തിയത്.

വാഹനം ഓഫീസ് വളപ്പിലേക്ക് കടന്നപ്പോൾ ഓഫീസിലുണ്ടായിരുന്ന അസി.എൻജിനിയർ പുറത്തെത്തി അടിയന്തരമായി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പുനൽകി.കുടിവെള്ളം ലഭിച്ചില്ലെങ്കിൽ പരാതിക്കാരുമായി താൻ വീണ്ടുമെത്തുമെന്ന് മുന്നറിയിപ്പ് നൽകിയാണ് തരൂർ പര്യടനം തുടർന്നത്