തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ പര്യടനം.മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനത്തിനെത്തിയ സ്ഥാനാർത്ഥിക്ക് വൻ വരവേല്പാണ് ലഭിച്ചത്.രാവിലെ 8ന് വേളിയിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പര്യടനം ഉദ്ഘാടനം ചെയ്തു. ലെനിൻ അദ്ധ്യക്ഷനായി.ചന്തവിള മധു സ്വാഗതം പറഞ്ഞു.സോളമൻ വെട്ടുകാട്,ഡി.രമേശൻ,മേടയിൽ വിക്രമൻ,ജിഷാ ജോൺ തുടങ്ങിയവർ പങ്കെടുത്തു.വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിനു ശേഷം രാത്രി വൈകി കാട്ടായിക്കോണത്ത് പര്യടനം സമാപിച്ചു.വിവിധ കേന്ദ്രങ്ങളിൽ ആർ.എസ്.ജയൻ,വി.എസ്.ശ്യാമ,ശരൺ ശശാങ്കൻ,പി.എസ്.ആന്റസ് തുടങ്ങിയവർ സംസാരിച്ചു.

തീരമേഖലയിലായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഇന്നലെ പ്രചാരണം കേന്ദ്രീകരിച്ചത്.പൂവാർ,പുതിയതുറ പള്ളം,പുല്ലുവിള,കൊച്ചുപള്ളി,അടിമലത്തുറ,അമ്പലത്തുംമൂല എന്നിവിടങ്ങളിലായിരുന്നു പര്യടനം.പുഷ്പവൃഷ്ടി നടത്തിയും പടക്കം പൊട്ടിച്ചുമാണ് മത്സ്യത്തൊഴിലാളികൾ അദ്ദേഹത്തെ വരവേറ്റത്.രാവിലെ തകർത്തുപെയ്ത മഴ വകവയ്ക്കാതെ നിരവധി പേരാണ് സ്ഥാനാർത്ഥിയെ എതിരേൽക്കാൻ എത്തിയത്.കാഞ്ഞിരംകുളം സ്പാർക്ക് പി.എ.സി കോച്ചിംഗ് സെന്ററിലെത്തി വിദ്യാർത്ഥികളെയും കണ്ടു.അരുമാനൂർ നയിനാർ ദേവ ക്ഷേത്രനടയിലെത്തിയ വാഹന പര്യടനജാഥ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫ.വി.ടി.രമ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അഡ്വ.സുനീഷ് അദ്ധ്യക്ഷനായി.വൈസ് പ്രസിഡന്റ് നിഥിൻ,സംസ്ഥാന സമിതിയംഗം പി.അശോക് കുമാർ,ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് സുജിത്,മണ്ണിൽ മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.

ഒരു ദിവസത്തെ വിശ്രമത്തിനുശേഷം തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കൂടുതൽ ഊർജ്ജസ്വലനായാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരെത്തിയത്.നേമം നിയോജക മണ്ഡലത്തിലായിരുന്നു ഇന്നലത്തെ പര്യടനം.രാവിലെ 8.30ന് കരമന ജംഗ്ഷനിൽ നിന്നാരംഭിച്ച പര്യടനം വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു.തുടർന്ന് അമ്മൻകോവിൽ ജംഗ്ഷൻ,തളിയിൽ റോഡ്,ആവടി അമ്മൻ ക്ഷേത്രം,പൊലീസ് സ്റ്റേഷൻ റോഡ്,തെലുങ്ക് ചെട്ടി സ്ട്രീറ്റ്,കരമന പള്ളി ജംഗ്ഷൻ,കുഞ്ചാലുംമൂട്,അംബേദ്കർ ജംഗ്ഷൻ,തമലം,മുടവൻമുഗൾ ജംഗ്ഷൻ,സൗത്ത് റോഡ് പാർക്ക്,പൂജപ്പുര ജംഗ്ഷൻ,നാടുതല,ചെറുകര,റോട്ടറി,വിജയമോഹിനി മിൽ,വട്ടവിള,അംബേദ്കർ റോഡ്,കൊങ്കളം,ടാഗോർ റോഡ്,തൃക്കണ്ണാപുരം,കുന്നപുഴ,പുത്തൻ കട,മങ്കാട്ടുകടവ്,തിരുമല എള്ളുവിള,ആലുംമൂട് എന്നിവിടങ്ങളിൽ പ്രചാരണം നടത്തി.രാത്രി വൈകി പാപ്പനംകോട്ട് സമാപിച്ചു. ഇന്ന് രാവിലെ കോവളം നിയോജകമണ്ഡലത്തിലെ കാഞ്ഞിരംകുളം ജംഗ്ഷനിൽ നിന്ന് പ്രചാരണം പുനഃരാരംഭിക്കും.