
തിരുവനന്തപുരം: ഹയർ സെക്കൻഡറി അദ്ധ്യാപക സ്ഥലംമാറ്റത്തിന് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച രണ്ട് പട്ടികകൾ റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ,ഒരു മാസത്തിനകം പട്ടികകൾ പുതുക്കി പ്രസിദ്ധീകരിക്കാൻ നിർദ്ദേശിച്ചു. ഹോം സ്റ്റേഷൻ, ‘അതേഴ്സ്’ സ്ഥലംമാറ്റ പട്ടികകളാണ് റദ്ദാക്കിയത്.
മാതൃ ജില്ലക്ക് (ഹോം സ്റ്റേഷൻ) പുറത്തുള്ള സർവീസ് സീനിയോറിറ്റി, മാതൃ ജില്ലക്ക് പുറമെ സമീപ ജില്ലകളിലേക്ക് കൂടി പരിഗണിച്ച് രണ്ട് പട്ടികകളും ഒരു മാസത്തിനകം പുതുക്കി പ്രസിദ്ധീകരിക്കണം. അദ്ധ്യാപകർക്ക് ജൂൺ ഒന്നിന് പുതിയ സ്കൂളുകളിൽ ചേരാവുന്ന വിധത്തിലാവണം ഇത്. ഹയർസെക്കൻഡറി അദ്ധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച് 2019 മാർച്ച് രണ്ടിലെ സർക്കാർ ഉത്തരവിലെ വ്യവസ്ഥ 2(ii) നടപ്പാക്കാൻ ആവശ്യമായ വെയ്റ്റേജ് നൽകി പട്ടിക പുതുക്കാനാണ് വിധി.
ട്രൈബ്യൂണൽ ഉത്തരവ് കോടതി അലക്ഷ്യ ഹർജിയിൽ
ഔട്ട് സ്റ്റേഷൻ സർവീസ് സീനിയോരിറ്റി സംബന്ധിച്ച ഉത്തരവ് പാലിക്കാതെ സർക്കാർ അന്തിമ സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ചതിനെതിരെ അദ്ധ്യാപകർ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് പട്ടിക റദ്ദാക്കിക്കൊണ്ടുള്ള ട്രൈബ്യൂണൽ ഉത്തരവ്.
മൂന്ന് വർഷം സർക്കാർ ഹയർസെക്കൻഡറി അദ്ധ്യാപക തസ്തികയിൽ റഗുലർ സർവീസ് പൂർത്തിയാക്കിയവർക്ക് ഓപ്പൺ വേക്കൻസികളിലേക്ക് അപേക്ഷിക്കാമെന്നും അപേക്ഷകരിൽ ഔട്ട് സ്റ്റേഷൻ സർവീസുള്ളവരുണ്ടെങ്കിൽ മുൻഗണന ഔട്ട്സ്റ്റേഷൻ സർവീസിന്റെ ദൈർഘ്യത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കുമെന്നുമാണ് 2019ലെ ഉത്തരവിലെ വ്യവസ്ഥ. ഔട്ട്സ്റ്റേഷൻ സർവീസ് സീനിയോറിറ്റി മാതൃജില്ലയിലെ ഒഴിവിലേക്ക് മാത്രം പരിഗണിച്ചായിരുന്നു സർക്കാരിന്റെ പട്ടിക.
തുടർന്ന് ഔട്ട്സ്റ്റേഷൻ സർവീസ് സീനിയോറിറ്റി സമീപ ജില്ലകളിലേക്ക് കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം അദ്ധ്യാപകർ ഹർജി നൽകി. ഇതിൽ ട്രൈബ്യൂണൽ അനുകൂല ഉത്തരവ് നൽകിയിരുന്നു. എന്നാൽ സീനിയോറിറ്റി മാതൃജില്ലയിൽ മാത്രമേ അനുവദിക്കാനാകൂ എന്ന വാദവുമായി ഹൈക്കോടതിയിൽ അപ്പീൽ നൽകിയ സർക്കാർ, ഈ ഉത്തരവ് പാലിക്കാതെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു. തുടർന്നാണ് അദ്ധ്യാപകർ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.