പോത്തൻകോട്: വളർത്തുനായയെ കുത്തിപ്പരിക്കേല്പിച്ചത് തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് നേരെ വധഭീഷണി ഉയർത്തിയതായി വീട്ടമ്മ പൊലീസിൻ പരാതി നൽകി. നിരവധി കേസുകളിൽ പ്രതിയായ ശ്രീകാന്ത് ആണ് വീട്ടുമുറ്റത്ത് നിന്ന വളർത്തു നായയെ ആക്രമിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് നരിക്കൽ സ്വദേശിനിയായ മിനി സുരേഷിന്റെ പഗ്ഗ് ഇനത്തിലെ വളർത്തുനായയെ അതുവഴി വന്ന ശ്രീകാന്ത് കൈയിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തി പരിക്കേല്പിച്ചത്. നായയെ അകാരണമായി ആക്രമിക്കുന്നതു കണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് വീട്ടമ്മ പോത്തൻകോട് പൊലീസിൽ പരാതി നൽകിയതറിഞ്ഞ് ഇന്നലെ രാത്രി ശ്രീകാന്തിന്റെ കൂട്ടാളികൾ ഇവരുടെ വീടിന് മുന്നിലെത്തി ബോംബെറിയുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികൾ ഓടി രക്ഷപ്പെട്ടു. അക്രമികൾ മൂന്ന് പേർ ഉണ്ടായിരുന്നതായും മൂവരും നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടിയിലാകുമെന്നും പോത്തൻകോട് പൊലീസ് പറഞ്ഞു.