k

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവേ, വായുസേനയ്ക്ക് അഭിമാനമായ ഡക്കോട്ട വിമാനവും താനുമായുള്ള ബന്ധം പങ്കുവച്ച് തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. തലസ്ഥാനത്തെ പ്രചാരണത്തിനിടെയാണ് ഇക്കാര്യം പങ്കുവച്ചത്.

റിപ്പബ്ലിക് ദിന പരേഡിൽ ആധുനിക യുദ്ധവിമാനങ്ങൾക്കൊപ്പം 1930 മോഡൽ ഡക്കോട്ട വിമാനമായ 'പരശുരാമ' പറന്നുയർന്നപ്പോൾ തന്റെ അഭിമാനവും വാനോളമുയർന്നെന്ന് അദ്ദേഹം പറഞ്ഞു. 1947 മുതൽ 1971വരെ ഈ വിമാനം വായുസേനയുടെ അഭിമാനമായിരുന്നു. പാകിസ്ഥാനും ബംഗ്ലാദേശിനും എതിരെയുള്ള യുദ്ധങ്ങളിൽ ഇത് കാശ്മീരിലെ മലനിരകൾക്ക് മുകളിലൂടെ പറന്നു. ഈ യുദ്ധങ്ങളിൽ രാജീവ് ചന്ദ്രശേഖറിന്റെ പിതാവായ എയർ കമാൻഡർ എം.കെ.ചന്ദ്രശേഖറും ഡക്കോട്ട പറത്തിയിരുന്നു.

കാലപ്പഴക്കത്താൽ പിന്നീട് ഡക്കോട്ടയെ സൈന്യത്തിൽ നിന്ന് പിൻവലിച്ചു. പിതാവിന്റെ യുദ്ധസ്മരണ നിലനിറുത്താൻ രാജീവ് ചന്ദ്രശേഖർ കേടുപാടുകൾ തീർത്ത് നവീകരിച്ച് ഇതിനെ വായുസേനയ്ക്ക് സമ്മാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിൽ എത്തിച്ച് ആറുവർഷമെടുത്താണ് നവീകരിച്ചത്. ഡക്കോട്ടയുടെ പഴയ നമ്പരായ വി.പി 905 നൽകി വായുസേനയുടെ ഭാഗമാക്കിയതിന് ശേഷമാണ് റിപ്പബ്ലിക് ദിന പരേഡിൽ പറത്തിയത്.