കോവളം: വാഴമുട്ടം ബൈപ്പാസിനരികിലെ തുണിക്കട കുത്തിത്തുറന്ന് മോഷണം. വാഴമുട്ടം ജംഗ്ഷന് സമീപം നവാസിന്റെ ഉടമസ്ഥതയിലുള്ള ഫാഷൻ ഹബ് എന്ന തുണിക്കട കുത്തിത്തുറന്ന് അറുപതിനായിരം രൂപയാണ് മോഷ്ടിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 2 ഓടെയായിരുന്നു മോഷണം. കടയുടെ മുന്നിലെ പ്രധാന ഷട്ടറിന്റെയും ഗ്ലാസ് ഡോറിന്റെയും പൂട്ട് തല്ലി തകർത്താണ് അകത്ത് കടന്നത്. മോഷ്ടാവിന്റെ ചിത്രം കടയിലെ സി.സി.ടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുഖംമൂടിയും കൈ ഉറയും ധരിച്ച മോഷ്ടാവ് കടയുടെ വിവിധ ഭാഗങ്ങളിൽ പണത്തിനായി തിരഞ്ഞു. ഒടുവിൽ ക്യാഷ് കൗണ്ടറിന്റെ മേശ തല്ലി തകർത്താണ് പണം കവർന്നത്. ഇന്നലെ രാവിലെ 9.30 ഓടെ കട തുറക്കാനെത്തിയ സ്റ്റാഫാണ് കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്തിരിക്കുന്ന വിവരം അറിഞ്ഞത്. സംഭവത്തിൽ കോവളം പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.