തിരുവനന്തപുരം: പാളയം മഹാഗണപതി ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന്റെ നിർമ്മാണം പൂർത്തിയായി. ഗോപുരത്തിന് 50 അടി നീളവും 20 അടി വീതിയും 50 അടി ഉയരവും ഉണ്ട്. ഗോപുരത്തിന്റെ മദ്ധ്യത്തായി 18 അടി ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള ഗണപതി വിഗ്രഹമാണ് ഗോപുരത്തിന്റെ പ്രധാന സവിശേഷത. ഇരുവശത്തുമായി രണ്ട് ചെറിയ വിഗ്രഹങ്ങളുമുണ്ട്. മുംബയിലാണ് വിഗ്രഹങ്ങൾ നിർമ്മിച്ചത്. ഗോപുരവാതിലുകൾ കൃഷ്ണശിലയിൽ നിർമ്മിച്ചതാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചുമതലയിലുള്ള ഉള്ളൂർ ദേവസ്വം ഗ്രൂപ്പിലെ പാളയം ശ്രീമഹാഗണപതി ക്ഷേത്രത്തിൽ 75 ലക്ഷം രൂപ ചെലവിട്ട് ഉദയസമുദ്ര ഗ്രൂപ്പ് ഒഫ് ഹോട്ടൽസ് ആണ് അലങ്കാരഗോപുരം നിർമ്മിച്ചത്. 2023 ജൂലായിൽ തന്ത്രി കണ്ഠരര് മോഹനരരുടെ മുഖ്യകാ‌ർമ്മികത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപനാണ് ഗോപുരത്തിന് തറക്കല്ലിട്ടത്. തുടർന്ന് മേൽനോട്ട ചുമതലയും ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലായിരുന്നു. ഉദയസമുദ്ര ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എസ്.രാജശേഖരൻ നായർ നേരിട്ട് നിർമ്മാണ പുരോഗതി വിലയിരുത്തിരുന്നു.


ക്ഷേത്രത്തിന് തൊട്ടടുത്തായി പാളയം മുസ്ലിം ജമാ അത്തും പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലും സ്ഥിതിചെയ്യുന്ന ഇവിടം വ്യത്യസ്ത മതവിഭാഗക്കാരുടെ ആരാധനാലയങ്ങളുടെ സംഗമഭൂമിയാണ്.

 സമർപ്പണം ഇന്ന്

ഇന്ന് വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ രാജശേഖരൻ നായർ അലങ്കാര ഗോപുരം സമർപ്പിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്,​ സെക്രട്ടറി ജി.ബൈജു,​ മുൻ പ്രസിഡന്റ് കെ.അനന്തഗോപൻ,​ അംഗങ്ങളായ ജി,​സുന്ദരേശൻ,​ എ.അജികുമാർ,​ മുൻ അംഗം എസ്.എസ്.ജീവൻ,​ ക്ഷേത്രതന്ത്രി കണ്ഠരര് മോഹനര്,​ സ്വാമി ചിദാനന്ദപുരി (അദ്വൈതാശ്രമം)​,​ സ്വാമി ബ്രഹ്മാനന്ദസ്വാമി (ശ്രീരാമദാസ മിഷൻ ആശ്രമം)​,​​ സ്വാമി സാന്ദ്രാനന്ദ (സെക്രട്ടറി,​ അരുവിപ്പുറം ക്ഷേത്രം, മഠം)​,​ സ്വാമി മഹേശ്വരാനന്ദ സരസ്വതി (ചെങ്കൽ ഉമാമഹേശ്വരം ക്ഷേത്രമഠാധിപതി)​,​ ഫാ.സജി ഇളമ്പശേരിൽ (സഹായമാതാ ചർച്ച്,​ മണക്കാട്)​,​ പാളയം ഇമാം ഡോ.വി.പിസുഹൈബ് മൗലവി,​ എൻ.എസ്.എസ് വൈസ് പ്രസി‌ഡന്റ് എം.സംഗീത് കുമാർ,​ ചീഫ് എൻജിനിയർ ആർ.അജിത് കുമാർ തുടങ്ങിയവർ പങ്കെടുക്കും.