
കാട്ടാക്കട: റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം സൗത്തും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നിർമ്മിച്ച 5 വീടുകളുടെ താക്കോൽ ദാനം വിഷുദിനത്തിൽ കള്ളിക്കാട്ട് കൈമാറുമെന്ന് റോട്ടറിക്ലബ് ഭാരവാഹികൾ അറിയിച്ചു. 'ഉദയ കിരൺ' പദ്ധതിയിൽ കള്ളിക്കാട് പഞ്ചായത്തിൽ 4ഉം കല്ലമ്പലത്ത് ഒരു വീടുമാണ് കൈമാറുന്നത്.
സ്വന്തമായി രണ്ട് സെന്റ് ഭൂമിയുള്ള ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 50 കുടുംബങ്ങൾക്കാണ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ റോട്ടറി ക്ലബ് വീടൊരുക്കുന്നത്. ഇതിൽ 15 എണ്ണം കള്ളിക്കാട് പഞ്ചായത്തിലാണ്. ഇവിടെ പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനമാണ് നടത്തുന്നത്. 460 സ്ക്വയർഫീറ്റിൽ രണ്ട്മുറി, അടുക്കള, ടോയ്‌ലെറ്റ്, സിറ്റ് ഔട്ട് എന്നിവ ഉൾപ്പെടും.
ഇതിൽ നാല് ലക്ഷം രൂപ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ബാക്കി തുക റോട്ടറി ക്ലബുമാണ് നിർമ്മാണ ചെലവ് വഹിക്കുന്നത്.
ഇന്ന് നടക്കുന്ന ചടങ്ങിൽ ക്ലബ് അംഗങ്ങൾ വീടുകളിലെത്തി താക്കോൽദാനം നടത്തും. ഇതോടൊപ്പം ക്ലബ് അംഗങ്ങൾ സ്വരൂപിച്ച വീട്ടാവശ്യത്തിനുള്ള ഫർണിച്ചറുകളും ഒരു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും നൽകും.
മുൻ റോട്ടറി ഗവർണർ ആർ. രഘുനാഥ്, ട്രിവാൻഡ്രം സൗത്ത് പ്രസിഡന്റ് പാർവതി രഘുനാഥ്,മെഡിക്കൽ പ്രോജക്ട് ചെയർമാൻ എൻ.കൃഷ്‌ണൻ നായർ,ഉദയകിരൺ പ്രോജക്ട് ചെയർമാൻ വി.വിജയകുമാർ,ക്ലബ് ഭാരവാഹികളായ കാട്ടാക്കട സുശ്രുത ആയുർവേദിക്സ് എം.ഡി ഡോ.കൃഷ്ണകുമാർ, കള്ളിക്കാട് അജയകുമാർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.