 രണ്ടുപേർ അറസ്റ്റിൽ  തർക്കം റീൽസ് എടുക്കുന്നതിനിടെ  അക്രമി സംഘത്തിൽ 17കാരിയും

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പൈതൃക ഇടനാഴിയായ മനവീയം വീഥിയിൽ വീണ്ടും ലഹരി സംഘങ്ങളുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ദിവസം രാത്രി ഇൻസ്റ്റഗ്രാം റീൽസ് എടുക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ യുവാവിന്റെ കഴുത്തിന് വെട്ടേറ്റു. ഞരമ്പ് മുറിഞ്ഞ് ഗുരുതരാവസ്ഥയിലായ കാര്യവട്ടം അയ്യപ്പൻ സ്വാമി ക്ഷേത്രത്തിനു സമീപം സർഗത്തിൽ ധനു കൃഷ്ണയെ (32) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തീവ്രപരിചരണ വിഭാഗത്തിലുള്ള ധനുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

സംഭവത്തിൽ വട്ടിയൂർക്കാവ് മൂന്നാംമൂട് സ്വദേശിയും ഇപ്പോൾ തിരുമല അണ്ണൂർ മഠത്തിൽ ലൈൻ സങ്കീർത്തനം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷെമീർ (23),മലയിൻകീഴ് സ്വദേശി അഖിൽ (22) എന്നിവരെ മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തു. തിരുമല തേലിഭാഗം സ്വദേശിയായ 17കാരിയെ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കി. വെള്ളിയാഴ്ച രാത്രി 11.45ഓടെയായിരുന്നു സംഭവം.

റീൽസിന്റെ ചിത്രീകരണത്തിനായാണ് ധനു കൃഷ്ണയും ഇയാളുടെ ബന്ധു ഗോകുൽ ശേഖറും സുഹൃത്ത് ചെമ്പഴന്തി സ്വദേശി നിധിൻ,​ ഇയാളുടെ സഹോദരി എന്നിവർക്കൊപ്പം മാനവീയം വീഥിയിലെത്തിയത്.

ചിത്രീകരണത്തിനിടെ ഷെമീറും ഒപ്പമുള്ള രണ്ടുപേരും നിധിന്റെ സഹോദരിയോട് അപമര്യാദയായി പെരുമാറി. ഇത് ചോദ്യംചെയ്‌ത ഗോകുലിന്റെ കൈയിൽ ഷെമീർ വെട്ടുകത്തിയുടെ മറുഭാഗം കൊണ്ട് അടിച്ചു. ഇത് ധനുകൃഷ്‌ണ തടഞ്ഞപ്പോഴാണ് ഷെമീർ കഴുത്തിൽ വെട്ടിയത്. ഈ സമയം അഖിലും 17കാരിയും കേട്ടാൽ അറയ്ക്കുന്ന തെറിവിളിയുമായെത്തി. 17കാരിയുൾപ്പെടെ അക്രമിസംഘത്തിലെ മൂന്നുപേരും ലഹരി ഉപയോഗിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. മാനവീയം വീഥിയിൽ പൊലീസ് ഉണ്ടായിരുന്നെങ്കിലും അതിന് മറുവശത്തായിരുന്നു സംഭവം.

വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെ പ്രതികൾ ഓടി. ഷെമീറിനെയും 17കാരിയെയും സ്ഥലത്തുണ്ടായിരുന്നവരുടെ സഹായത്തോടെ പൊലീസ് പിടികൂടി. അഖിൽ ഇന്നലെ രാവിലെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഷെമീറിനെയും അഖിലിനെയും കേസിൽ പ്രതിയാക്കി.

പൊലീസില്ല,

എന്തും നടക്കും

മാനവീയം വീഥിയിൽ രണ്ടു പൊലീസുകാരാണ് ദിവസവും ഡ്യൂട്ടിയിലുള്ളത്. ഒരാൾ എ.ആർ ക്യാമ്പിൽ നിന്നും മാറ്റൊരാൾ മ്യൂസിയം സ്റ്റേഷനിൽ നിന്നും. ക്യാമ്പിലെ പൊലീസുകാരൻ രാത്രിയിലെത്തും. സ്റ്റേഷനിലെ പൊലീസുകാരൻ രാവിലെ മുതൽ മാനവീയത്ത് ഡ്യൂട്ടിയിലുണ്ടെങ്കിലും പകൽ മുഴുവൻ കോടതി ഡ്യൂട്ടിയുൾപ്പെടെ ചെയ്യണം. എല്ലാം കഴിഞ്ഞ് രാത്രി മാനവീയത്തെത്തും. ഇതിനിടെ മാരകായുധങ്ങളുമായി എത്തുന്നവരെ പരിശോധിക്കാനോ മദ്യലഹരിയിൽ തമ്മിലടിക്കുന്നവരെ നിയന്ത്രിക്കാനോ ഇവർക്ക് കഴിയാറില്ല. നൈറ്റ് ലൈഫിനായി ആളുകൾ കൂട്ടത്തോടെ എത്തുന്ന സ്ഥലത്ത് വനിതാ പൊലീസുമില്ല.