c

ഇതാണ് കേരളം. സ്‌നേഹംകൊണ്ട് സാന്ത്വനം പകരുന്ന നാട്. കാരുണ്യത്താൽ കൈെത്താങ്ങേകുന്ന നാട്. കരുതലിന്റെ കരലാളനകൾ കൊണ്ട് കണ്ണീർവഴികളിലെ സങ്കടങ്ങളെ ഒപ്പിയെടുക്കുന്ന നാട്. കേരളം വാരിപ്പുണരുന്ന മനുഷ്യസ്‌നേഹത്തിന്റെ മഹാമാതൃക ഒരിക്കൽക്കൂടി ലോകം ദർശിക്കുകയായിരുന്നു; അബ്‌ദുൾ റഹിമെന്ന യുവാവിന്റെ ജയിൽ മോചനത്തിനുവേണ്ടി സ്വരൂപിച്ച 34 കോടി രൂപയുടെ മണിക്കിലുക്കത്തിൽ. അബ്‌ദുൾ റഹിമിന്റെ മോചനം കാത്തുകഴിയുന്ന ഉമ്മയ്‌ക്കും കുടുംബത്തിനും മലയാളികൾ നൽകിയ വിഷുക്കൈനീട്ടമാണിത്. 'പ്രിയമപരന്റെയതെൻ പ്രിയം" എന്ന് ആത്‌മോപദേശ ശതകത്തിൽ ശ്രീനാരായണ ഗുരുദേവൻ അരുളിച്ചെയ്‌ത മഹാവചനങ്ങളുടെ ആർദ്ര ചിന്തകൾ മനസ്സിൽ സൂക്ഷിക്കുന്ന നാടിന്റെ പേരാണ് കേരളം. 'മറ്റുള്ളവർ നമ്മൾ തന്നെയല്ലേ" എന്നു പറഞ്ഞ രമണ മഹർഷിയെ നെഞ്ചേറ്റുന്ന നാടാണിത്. അപരനെക്കുറിച്ചുള്ള കരുതലാണ് സംസ്‌കാരത്തിന്റെ അടയാളമുദ്ര എന്നു വിശ്വസിക്കുന്നവരാണ് നമ്മൾ മലയാളികൾ.

വീ‌ടിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഒരായിരം സ്വപ്‌നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്നതായിരുന്നു അബ്‌ദുൾ റഹിം. ഹൃദയത്തിൽ കൂടുകൂട്ടിയ സ്വപ്‌നങ്ങൾ പിച്ചവച്ചു തുടങ്ങുന്നതിനു മുമ്പേ തന്നെ അറബി നാട്ടിൽ അഴികൾക്കുള്ളിലകപ്പെട്ടു- തന്റേതല്ലാത്ത കുറ്റത്തിന്. അല്ലെങ്കിൽ അറിയാതെ പറ്റിപ്പോയ അബദ്ധം മൂലം. നിയമ നടപടികളുടെ കരുണയറ്റ കാർക്കശ്യം ആ യുവാവിനെ വധശിക്ഷയ്‌ക്കു വിധിക്കുകയായിരുന്നു. പിന്നെ ഒരു വ്യാഴവട്ടത്തിലേറെ നീണ്ട കാരാഗൃഹവാസം. ഒടുവിൽ കൊലക്കയർ കഴുത്തിൽ മുറുകുന്ന ഭീതിദനിമിഷങ്ങളെ പേടിച്ച് ഉറക്കം നഷ്ടപ്പെട്ട രാപകലുകൾ തള്ളിനീക്കുമ്പോഴാണ് മലയാളികളുടെ കാരുണ്യപ്രവാഹം അണമുറിയാതെ ഒഴുകിപ്പരന്നത്. ആ മഹാപ്രവാഹത്തിന് ഗതിവേഗം പകരാൻ ലോകമെങ്ങുമുള്ള മലയാളി മനസ്സുകൾ ഒന്നുചേർന്നു.

അതിനുള്ള ഏകോപനത്തിൽ ആത്മാർത്ഥമായ പങ്കുവഹിച്ച പലരുമുണ്ട്. അതിൽ എന്തുകൊണ്ടും മുന്നിൽ നിൽക്കുന്ന പേരാണ് മലയാളി സ്‌നേഹത്താൽ 'ബോച്ചെ" എന്നു വിളിക്കുന്ന പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ. ഒരുകോടി രൂപ കൈയിൽ നിന്നിട്ടുകൊണ്ടാണ് അദ്ദേഹം കേരളത്തിന്റെ തെക്കേയറ്റം മുതൽ യാചകയാത്ര തുടങ്ങിയത്. മോചനദ്ര‌വ്യം സമാഹരിക്കുന്നതിന് വലിയ സന്ദേശമായിരുന്നു 'ബോച്ചെ"യുടെ യാത്ര. അബ്‌ദുൽ റഹിം നാട്ടിലെത്തിയാൽ തുടർ ജീവിതത്തിനുള്ള മാർഗങ്ങൾ കൂടി ഒരുക്കിക്കൊടുക്കുമെന്ന 'ബോച്ചെ"യുടെ മഹാമനസ്‌കതയെ എത്ര വാഴ്‌ത്തിയാലും മതിയാവില്ല. അതുപോലെ പ്രമുഖ ചലച്ചിത്ര നടനും തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ സുരേഷ്‌‌ഗോപിയും റഹിമിന്റെ മോചനത്തിനായി ശക്തമായ ഇടപെടലുകൾ നടത്തി. കുടുക്ക പൊട്ടിച്ച പണം നൽകിയ കുരുന്നു മുതൽ വിനോദയാത്രയ്‌ക്കായി നീക്കിവച്ച പണമടക്കം ഇത്രയും വലിയ തുകയിൽ എത്തിച്ചേരാൻ സഹായകമായി.

സഹായം തേടിയവനും സഹായം നൽകിയവരും ആരും തങ്ങളുടെ ജാതിയോ മതമോ വർഗമോ ഒന്നും അന്വേഷിച്ചില്ല. കാലങ്ങളായി ഒത്തുചേർന്നു ജീവിക്കുന്ന മലയാളിയുടെ മനസിലെ സാഹോദര്യം വിളിച്ചോതുന്നതായിരുന്നു ഇതിലെ ഓരോ ചില്ലിത്തുട്ടും. മനുഷ്യർക്കിടയിൽ സ്‌നേഹവും സാഹോദര്യവും പഴയതുപോലെ അവശേഷിക്കുന്നുണ്ട്. രാഷ്ട്രീയക്കാരാണ് പലപല താത്‌പര്യങ്ങൾക്കുവേണ്ടി ഭിന്നിപ്പിനു മുതിരുന്നത്. പ്രതീക്ഷ നഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ വീട്ടകത്തിലേക്ക് പുത്തൻ പ്രതീക്ഷകളുടെ ഒരു പൂക്കാലം എത്തിക്കുകയായിരുന്നു മനസ്സുകൊണ്ട് ഒന്നായ മലയാളികൾ. അതും ഈ വിഷുക്കാലത്ത്. കൊന്നപ്പൂക്കൾ പൂത്തുലയുന്നത് കേരളത്തിന്റെ വഴിയോരങ്ങളിലല്ല; കേരളത്തിന്റെ മനസ്സിന്റെ മണിച്ചെപ്പുകളിലാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞതുപോലെ,​ ഇതാണ് യഥാർത്ഥ കേരളത്തിന്റെ കഥ. കരുതലിന്റെ ഈ മഹാപ്രവാഹം എന്നും നിലനിൽക്കട്ടെ. മലയാളിയുടെ ഈ സ്‌നേഹതീർത്ഥം ഒഴുകിപ്പരക്കട്ടെ; ആസേതുഹിമാചലം.