
മോദിക്ക് ഇപ്പോൾ ക്ഷീണിതന്റെ ശരീരഭാഷ
സി.പി.എമ്മിന് ആന്തരിക ശക്തി ചോർന്നു
പപ്പുവല്ല, നന്മയുള്ളവനാണ് രാഹുൽ
ആത്മകഥയ്ക്ക് പലരും നിർബന്ധിക്കുന്നുണ്ട്
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളിൽ നിന്ന്:
കോൺഗ്രസ് തിരിച്ചുവരവിന്റെ സൂചന നൽകുന്നുണ്ടോ?
തിരിച്ചുവരവിന്റെ സൂചനകളില്ലെന്നത് ഒരുമാസം മുമ്പുവരെ ശരിയായിരുന്നു. ഇന്ത്യാ മുന്നണി വന്നതിനു ശേഷം ബി.ജെ.പി നയങ്ങളെയും കേന്ദ്രത്തിന്റെ വേട്ടയാടൽ നയങ്ങളെയും എതിർക്കുന്ന പാർട്ടികൾക്കും ജനങ്ങൾക്കും പുതുജീവൻ വെച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ബി.ജെ.പിയുടെ ഗ്രാഫ് താഴേക്കാണ്. തുടക്കത്തിൽ ആവേശത്തോടെ മോദി ഗ്യാരന്റിയെപ്പറ്റി പ്രസംഗിച്ച പ്രധാനമന്ത്രിയുടേത് ഇപ്പോൾ ക്ഷീണിതന്റെ ശരീരഭാഷയാണ്.
ഇന്ത്യാ മുന്നണി എങ്ങനെ അധികാരത്തിൽ വരും?
ഒരു മാസം മുമ്പുവരെ പരസ്പരം പോരടിച്ച കക്ഷികൾ യോജിച്ചതോടെ ചിത്രം മാറി. ചരിത്രത്തിലാദ്യമായി മുന്നൂറോളം സീറ്റുകളിൽ മാത്രമാണ് പാർട്ടി മത്സരിക്കുന്നത്. കോൺഗ്രസിന്റെ വീട്ടുവീഴ്ചാ മനോഭാവം മറ്റുള്ളവരുടെ കണ്ണുതുറപ്പിച്ചു. അതിനെത്തുടർന്ന് 28 പാർട്ടികൾക്കിടയിലുണ്ടായ ഐക്യം മുന്നണിയുടെ പ്രതീക്ഷയും വോട്ട് ചെയ്യുന്നവരുടെ ആത്മവിശ്വാസവും വർധിപ്പിച്ചു.
ഇന്ത്യയൊട്ടാകെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി പാർട്ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്തേണ്ടേ?
സംഘടന ഒരുപാട് സ്ഥലങ്ങളിൽ ശക്തമാണ്. ചിലയിടങ്ങളിൽ അല്ല. നേരത്തെ മുതൽ തിരഞ്ഞെടുപ്പുകാലത്താണ് പാർട്ടിയുടെ പ്രവർത്തനം ഊർജ്ജിതമാകുന്നത്. രാജ്യമൊട്ടാകെ കോൺഗ്രസിൽ ഉണർവുണ്ട്. യു.പി ഒഴിച്ചുള്ള സംസ്ഥാനങ്ങളിലെല്ലൊം ഗണ്യമായ നിലയിൽ കോൺഗ്രസിന്റെയും മുന്നണിയുടെയും സീറ്റുകൾ വർധിക്കും.
രാഹുൽ നേതൃത്വത്തിലുണ്ടായിട്ടും യുവാക്കൾ കോൺഗ്രസിലേക്ക് ആകർഷിക്കപ്പെടാത്തത്?
ആകർഷിക്കപ്പെടുന്നുണ്ട്. പാർട്ടിയുടെ അടിവേരു പോയ തെലങ്കാനയിൽ സർക്കാർ രൂപീകരിച്ചു. പാർട്ടിക്ക് പഴയകാല പ്രതാപമില്ലെങ്കിലും ശക്തി കൂടുന്നുണ്ട്. പാർലമെന്റ് അംഗത്വം റദ്ദാക്കിയിട്ടും, പാർട്ടിയുടെ സ്വത്തുക്കളും അക്കൗണ്ടും മരവിപ്പിച്ചിട്ടും രാഹുലിനെതിരെ പീഡനങ്ങളുണ്ടായിട്ടും നിർഭയമായി, നാനാത്വത്തിൽ ഏകത്വത്തിൽ അധിഷ്ഠിതമായ ഇന്ത്യയെന്ന ആശയത്തിനു വേണ്ടി അദ്ദേഹം പോരാടുകയാണ്.
ഭാരത് ജോഡോയിലെ ആൾക്കൂട്ടം വോട്ടായി മാറുമോ?
അതൊരു രാഷ്ട്രീയ യാത്രയായിരുന്നില്ല. ഭിന്നിപ്പിന്റെ അന്തരീക്ഷത്തിൽ യോജിപ്പുണ്ടാക്കാനാണ് അതു നടത്തിയത്. ചങ്ങാത്ത മുതലാളിത്തത്തിനെതിരായ യാത്രയ്ക്ക് പണം നൽകിയവരിൽ സി.പി.എം പ്രവർത്തകരുമുണ്ട്. പപ്പുവല്ല, നന്മയുള്ള മനുഷ്യനാണ് രാഹുലെന്ന് തങ്ങളെ ചേർത്തുപിടിച്ചപ്പോൾ ജനങ്ങൾക്ക് മനസിലായി.
ന്യൂനപക്ഷങ്ങളുടെ ഏകീകരിച്ച പിന്തുണ കോൺഗ്രസിന് ഉണ്ടാവുന്നില്ലല്ലോ?
ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാദമാണ്. ന്യൂനപക്ഷങ്ങൾ മാത്രമല്ല, ഇന്ത്യയിൽ ജനാധിപത്യം പുലരണമെന്നും ഭരണഘടന നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നവർ ഇഷ്ടപ്പെടുന്ന നേതാവ് രാഹുലാണ്. ചാനൽ സർവേകളിലും അത് വ്യക്തമാണ്.
'കേരള സ്‌റ്റോറി' പ്രദർശം സാമൂഹിക വിഭജനത്തിനുള്ള തന്ത്രമാണോ?
തിരഞ്ഞെടുപ്പു കാലത്ത് ദൂരദർശൻ ആ സിനിമ പ്രദർശിപ്പിച്ചതു തന്നെ തെറ്റ്. മതസ്പർദ്ധ വളർത്താനും ധ്രുവീകരണത്തിനുമുള്ള ബി.ജെ.പി തന്ത്രമാണ്. അതു മനസിലാക്കാതെയാണ് ചിലർ കെണിയിൽപ്പെട്ടത്. കെണി മനസിലാക്കിത്തുടങ്ങിയപ്പോൾ മണിപ്പൂർ വിഷയം പലയിടത്തും ചർച്ച ചെയ്യുന്നുണ്ട്.
ആത്മകഥ എഴുതുമോ?
(ചിരി) ഞാൻ ഒരണ സമരത്തിൽ പങ്കെടുത്ത് വിദ്യാർത്ഥി നേതാവായി തുടങ്ങി, കോൺഗ്രസ് വാർഡ് കമ്മിറ്റി സെക്രട്ടറിയായി. യൂത്ത് കോൺഗ്രസിലൂടെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും വർഷം തോറും സഞ്ചരിച്ച് മാറിവരുന്ന അന്തരീക്ഷം മനസിലാക്കുമായിരുന്നു. ഇപ്പോൾ യാത്രയില്ലെങ്കിലും ഒരോ സ്ഥലത്തെയും കാര്യങ്ങൾ മനസിലാക്കുന്നുണ്ട്. ആത്മകഥ എഴുതുന്നതിനെക്കുറിച്ച് സുഹൃത്തുക്കൾ നിർബന്ധിക്കുന്നുണ്ട്. തീരുമാനമെടുത്തിട്ടില്ല.
ജീവിത സായാഹ്നത്തിൽ ആത്മീയതയിലേക്ക് അകർഷിക്കപ്പെടുന്നുണ്ടോ?
എന്റെ ജീവിതം ഒരു തുടർപ്രക്രിയയാണ്. ആദ്യം ഉറച്ച മതവിശ്വാസി. കോളേജ് വിദ്യാഭ്യാസ കാലത്ത് ക്രമേണ മതാചാരങ്ങളിൽ നിന്ന് അകന്നു. കെ.എസ്.യു ജനറൽസെക്രട്ടറി ആയിരുന്നപ്പോഴും പിന്നീട് പ്രതിരോധ മന്ത്രിയായപ്പോഴും ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങിയപ്പോൾ മഹാഭൂരിപക്ഷം ജനങ്ങളും മതവിശ്വാസികളാണെന്ന് മനസിലായി. വിശ്വാസമാണ് അവരെ പ്രതിസന്ധികളിൽ സഹായിക്കുന്നത്. ഞാൻ ഇപ്പോഴും മതവിശ്വാസിയല്ല. എന്നാൽ എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നു.
കരുണാകരന്റെയും താങ്കളുടെയും കാലത്ത് എല്ലാ സമുദായത്തിൽ നിന്നുമുള്ളവരെ നേതൃതലത്തിൽ എത്തിച്ചിരുന്നു? ഇപ്പോൾ അതുണ്ടോ?
പാർട്ടി സ്ഥാനങ്ങളിലും പാർലമെന്ററി രംഗത്തും സീറ്റ് വിഭജനത്തിലും സാമൂഹ്യനീതി പാലിക്കണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. 1967-നു ശേഷം കേരളത്തിലെ കോൺ്രഗസിന്റെ വളർച്ചയിൽ കരുണാകരൻ ചെയ്ത ത്യാഗത്തിനു മുമ്പിൽ ഞങ്ങളൊന്നുമല്ല. എതിർക്കുമ്പോഴും ബഹുമാനിച്ചിരുന്നു. ഇപ്പോൾ കൂട്ടായ നേതൃത്വം. പരസ്പരം ആലോചിച്ച് തീരുമാനമെടുക്കുന്നു.
സതീശൻ- സുധാകരൻ നേതൃത്വത്തെ എങ്ങനെ വിലയിരുത്തുന്നു.?
ഞാൻ, കരുണാകരൻ, രമേശ്, ഉമ്മൻചാണ്ടി എന്നിവർ ദീർഘകാലം സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായിരുന്നവരാണ്. ഇപ്പോഴത്തെ ആളുകൾ വന്നിട്ട് ദീർഘകാലമായിട്ടില്ല. കാലക്രമത്തിൽ അവർ ജനഹൃദയങ്ങളിലെത്തും. അഞ്ചു നേതാക്കളുമായെങ്കിലും ആലോചിച്ചാണ് തീരുമാനമെടുക്കുന്നത്. സംസ്ഥാനതലത്തിൽ തർക്കമില്ല. പാർട്ടിയിൽ ഗ്രൂപ്പില്ല. പ്രാദേശികമായി ചില വിഷയങ്ങളുണ്ട്.
2024-ലെ യു.ഡി.എഫിന്റെ അജൻഡ എന്താണ്?
കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടാകണം. ഇന്ത്യയിൽ യഥാർത്ഥ ജനാധിപത്യം പുന:സ്ഥാപിക്കപ്പെടണം. ഭരണഘടന സംരക്ഷിക്കണം. കേരളത്തിൽ തുടർഭരണം ശാപം. സി.പി.എമ്മിന് വലിയ നഷ്ടം. പാർട്ടിയുടെ ആന്തരിക ശക്തി ചോർന്നു പോയി. പേരും കൊടിയും മാത്രം. മാർക്‌സിസ്റ്റ് സ്വഭാവത്തിന് തകർച്ചവന്നു.
മകൻ അനിൽ ആന്റണിയുടെ കാര്യങ്ങൾ?
പ്രതികരിക്കുന്നില്ല. അത് കഴിഞ്ഞ കാര്യം. മകൻ ബി.ജെ.പി, ഞാൻ കോൺഗ്രസ്, ആദ്യം ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. ജീവിതത്തിൽ ഏതിനോടും പൊരുത്തപ്പെടണമല്ലോ.