കല്ലമ്പലം: നാവായിക്കുളം ശ്രീ ശങ്കര നാരായണ സ്വാമി ക്ഷേത്രത്തിൽ പുതിയ സ്വർണക്കൊടിമരം സ്ഥാപിക്കാനുള്ള തേക്കിൻ തടി ഇന്ന് രാവിലെ 10ന് ക്ഷേത്ര സന്നിധിയിലെത്തും.

മലപ്പുറം നിലമ്പൂർ വനത്തിൽ നിന്ന് വനം വകുപ്പിന്റെ അനുമതിയോടെയാണ് തേക്ക് മുറിച്ച് കൊണ്ടു വരുന്നത്. ഇതിനായി ക്ഷേത്ര മേൽശാന്തിയും കമ്മിറ്റി അംഗങ്ങളും നാട്ടുകാരും വ്യാഴാഴ്ച നിലമ്പൂരിലെത്തി. മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വൃക്ഷപൂജ നടത്തിയ ശേഷമാണ് മുറിക്കൽ ചടങ്ങുകൾ തുടങ്ങിയത്. ഇന്ന് രാവിലെ ക്ഷേത്രത്തിലെ കിഴക്കേ നടയിലെത്തുന്ന കൊടിമരം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്,വി.ജോയി എം.എൽ.എ, നാട്ടുകാർ എന്നിവർ ചേർന്ന് സ്വീകരിക്കും. നിലവിൽ ക്ഷേത്രത്തിലെ കൊടിമരം ചെമ്പിലാണ് പണിതിട്ടുള്ളത്. സ്വർണക്കൊടിമരത്തിന്റെ പണികൾ പൂർത്തിയാകാൻ ഏകദേശം രണ്ട് വർഷത്തോളം വേണ്ടി വരുമെന്ന് ഭാരവാഹികൾ അറിയിച്ചു.