തിരുവനന്തപുരം: അവധിക്കാലം ആഘോഷിക്കാൻ പ്രിയദർശിനി പ്ലാനറ്റേറിയത്തിൽ എത്തുന്നവർക്ക് നിരാശയോടെ മടക്കം. പ്ലാനറ്റേറിയത്തിലെ മ്യൂസിക്കൽ ഫൗണ്ടന്റെ പ്രദർശനം നിലച്ചിട്ട് മാസങ്ങളായി. കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലാണ് പി.എം.ജിയിലുള്ള മ്യൂസിയവും പ്ലാനറ്റേറിയവും പ്രവർത്തിക്കുന്നത്. വൈകിട്ട് 7നാണ് മ്യൂസിക്കൽ ഫൗണ്ടർ ഷോയും ലേസർ ഷോയും നടന്നിരുന്നത്. മുതിർന്നവർക്ക് മുപ്പതും കുട്ടികൾക്ക് ഇരുപതും രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. പ്രത്യേകം സജ്ജീകരിച്ച പടികളിലിരുന്ന് നൂറിലേറെ പേർക്ക് ഒരേ സമയം പ്രദർശനം കാണാമായിരുന്നു. ശബ്ദവും ദൃശ്യവും ഒരുമിച്ച് സമ്മേളിച്ചാൽ മാത്രമേ ശരിയായ ഇഫക്ട് ലഭിക്കുകയുള്ളൂ. എന്നാൽ സൗണ്ട് സിസ്റ്റത്തിലെ ആംപ്ലിഫയറിലുള്ള പ്രശ്നമാണ് പ്രദർശനത്തിന് തടസമായതെന്നാണ് പ്ലാനറ്റേറിയത്തിലെ അധികൃതർ പറയുന്നത്.

വെള്ളച്ചാട്ടം പ്രവർത്തിക്കാത്തതിനാൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ മുഴുവൻ കരിയിലയാണ്. മഴ പെയ്യുമ്പോൾ കൊതുക് പെറ്റുപെരുകാനും സാദ്ധ്യയുണ്ട്. പ്രദർശനം നിലച്ചതോടെ സായാഹ്നങ്ങളിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞു. ഒരുലക്ഷം ചെലവിട്ട് സാങ്കേതിക തകരാർ പരിഹരിച്ചാൽ പ്രദർശനം നടത്താമെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ജോലിക്ക് കരാർ അനുവദിക്കാൻ സാധിക്കില്ല. അതേസമയം, കുട്ടികളെ ആകർഷിക്കാൻ കൂടുതൽ വെർച്ച്വൽ റിയാലിറ്റി ബോക്സുകൾ ഉൾപ്പെടെ പ്ലാനറ്റേറിയത്തിൽ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.

അതൊരു കാഴ്ചയായിരുന്നു...

2014ലാണ് പ്ലാനറ്റേറിയത്തിൽ മ്യൂസിക്ക് ഫൗണ്ടൻ-ലേസർ ഷോ ആരംഭിച്ചത്.

സന്ധ്യമയങ്ങുന്നതോടെ മറ്റ് ലൈറ്റുകളെല്ലാം അണച്ച് ജനപ്രിയ ഗാനങ്ങൾ രണ്ട് വലിയ സ്പീക്കറുകളിലായി കേൾപ്പിക്കും.

പത്തിലേറെ വെള്ളച്ചാട്ടങ്ങളിൽ നിന്ന് പാട്ടിനനുസരിച്ച് വിവിധ നിറങ്ങളിൽ വെള്ളം ഉയരുകയും താഴുകയും ചെയ്യും.

സ്ക്രീനിൽ ഈ സമയം ലേസർ പ്രദർശനവും ഉണ്ടായിരുന്നു.

'കണക്കിലെ' കുഴപ്പം

പ്ലാനറ്റേറിയത്തിലെ മാത്തമാറ്റിക്സ് പ്രദർശന വിഭാഗത്തിലെ ഏറ്റവും കൗതുകമുള്ള വർക്കിംഗ് മോഡലായ ഡബിൾ ഹാർമോണിക്സ് പെൻഡുലവും നിലവിൽ പ്രവർത്തിക്കുന്നില്ല. ഫണലിൽ നിന്ന് പ്രത്യേക ജിയോമെട്രിക്കൽ ആകൃതിയിൽ മണൽ വീഴുന്ന സംവിധാനം കുട്ടികൾക്ക് വിനോദവും വിജ്ഞാനവുമേകിയിരുന്നു. ഇലക്ട്രോണിക്സ്, റോബോട്ടിക്സ് വിഭാഗങ്ങളിൽ യന്ത്രങ്ങളെപ്പറ്റി വിശദീകരിക്കാൻ ആളില്ലാത്തത് മലയാളികൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കും ബുദ്ധിമുട്ടാണ്.

കുറഞ്ഞ ചെലവിൽ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിക്കുന്നതായിരുന്നു മ്യൂസിക്കൽ ഫൗണ്ടൻ പ്രദർശനം. എത്രയുംവേഗം പ്രശ്നം പരിഹരിച്ച് പ്രദർശനം തുടരണം.

അനിൽകുമാർ, സന്ദർശകൻ