
ആറ്റിങ്ങൽ: വാമനപുരം നദിയിലെ നീരൊഴുക്ക് നിലച്ചു.പല സ്ഥലങ്ങളിലും നദിയുടെ അടിത്തട്ട് കണ്ടുതുടങ്ങി.കുടിവെള്ള വിതരണ പദ്ധതികളുടെ കാര്യത്തിൽ ആശങ്ക പങ്കുവച്ച് വാട്ടർ അതോറിട്ടി.വാമനപുരം നദിയിൽ ദിവസങ്ങൾക്കുള്ള വെള്ളം മാത്രമേയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കുന്നു.ചിറയിൻകീഴ്,വർക്കല,നെടുമങ്ങാട് തുടങ്ങി തിരുവനന്തപുരത്തിന്റെ പകുതിയോളം ഭാഗങ്ങളിലും കുടിവെള്ള വിതരണത്തിന് വാമനപുരം നദിയെയാണ് ആശ്രയിക്കുന്നത്.ഉപയോഗം വർദ്ധിച്ചിട്ടും നദിയിൽ ജലസംരക്ഷണത്തിന് ആവശ്യമായ മുൻകരുതൽ വകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
ജലസംരക്ഷണത്തിനായി നിലവിൽ പൂവമ്പാറയിൽ ചെക്ക് ഡാം മാത്രമാണുള്ളത്.വേനൽക്കാലത്ത് കടലിൽ നിന്നുള്ള വേലിയേറ്റത്തിൽ ഉപ്പുവെള്ളം നദിയിൽ കലരുന്നത് തടയുന്നതിനാണ് ചെക്ക് ഡാം നിർമ്മിച്ചത്.വർഷംതോറും ചെക്ക് ഡാമിന്റെ ഉയരം താത്കാലികമായി ഒരു മീറ്റർ ഉയർത്തുന്നതിന് ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. ഇക്കുറി 45 മീറ്റർ നീളത്തിലും രണ്ട് മീറ്റർ വീതിയിലും ഒരു മീറ്റർ ഉയരത്തിലുമാണ് ഡാം താത്കാലികമായി ഉയർത്തിയത്.മതിയായ തടയണകളില്ലാത്തതിനാൽ വേനലിൽ നീരൊഴുക്കും ദുർബലമായി.
അവനവഞ്ചേരി കൈപ്പടക്കടവിൽ പമ്പ് ഹൗസുകൾക്ക് സമീപമുള്ള താത്കാലിക ബണ്ടിൽ ഇക്കുറി പുനർനിർമ്മാണം നടത്തുകയോ,അടിയന്തര അറ്റകുറ്റപണികളോ നടത്തിയിട്ടില്ല.അതിനാൽ ബണ്ടിന്റെ ഒരു ഭാഗത്തുകൂടി വെള്ളം പുറത്തേക്ക് ഒഴുകുകയാണ്.ഇതും പമ്പ് ഹൗസുകളുടെ പ്രവർത്തനങ്ങൾ താളം തെറ്റിക്കുന്നു. വാമനപുരം നദിയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് സാദ്ധ്യതാപഠനം,നദിയുടെ സമഗ്ര സംരക്ഷണത്തിന് 720 കോടി വരുന്ന പദ്ധതിയുടെ ഡി.പി.ആറും തയ്യാറാക്കി.തുടർന്ന് ആദ്യഘട്ടത്തിൽ 2 കോടി അനുവദിച്ചെങ്കിലും യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല.
നീരൊഴുക്ക് കുറയാൻ കാരണം
1) പദ്ധതി പ്രദേശങ്ങളിലെ വനനശീകരണം
2) നദിയിലെ അടിത്തട്ട് കുഴിച്ചുള്ള മണൽവാരൽ
3) നീർത്തടങ്ങളുടെ അനിയന്ത്രിതമായ നികത്തൽ
4) നദീതീരത്തെ വ്യാപക കൈയേറ്റം
5) നദീസംരക്ഷണ പദ്ധതികളുടെ അഭാവം
ജലവിതരണം ഇങ്ങനെ
ചിറയിൻകീഴ്,വർക്കല താലൂക്കുകൾക്കായി പരവൂർപ്പുഴ കടവിലും സമീപപ്രദേശങ്ങളിലുമായി ഒരു ഡസനോളം പമ്പ് ഹൗസുകൾ പ്രവർത്തിക്കുന്നുണ്ട്.ഇവ കേന്ദ്രീകരിച്ച് 15 ഓളം കിണറുകളും നദിക്കരയിൽ നിർമ്മിച്ചിട്ടുണ്ട്. നദിയിലെ കുഴികളിലെ വെള്ളം ചെറിയ പമ്പ് സെറ്റുകൾ കൊണ്ട് പമ്പ് ചെയ്ത് കിണറ്റിലെത്തിച്ചശേഷം അവിടെനിന്ന് പമ്പ് ഹൗസുകളിൽ എത്തിച്ചാണിപ്പോൾ ജലവിതരണം നടത്തുന്നത്.