
വർക്കല: വർക്കലയിലെ പ്രമുഖ മാദ്ധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായിരുന്ന സുരേഷ് ഡി.എസ് കാപ്പിലിന് (കാപ്പിലാൻ ,56) ജന്മനാടിന്റെ അന്ത്യാഞ്ജലി . തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണം. വർക്കല മുനിസിപ്പൽ പാർക്കിലെ പൊതുദർശനത്തിന് ശേഷം ഇന്നലെ 11ഓടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു . ഭാര്യ അജിതയ്ക്കും മകൾ പ്രാർത്ഥനയ്ക്കുമൊപ്പം നാട് വിങ്ങിപ്പൊട്ടിയത് ഹൃദയം നുറുങ്ങുന്ന കാഴ്ച്ചയായിരുന്നു. കേരളകൗമുദി ഉൾപ്പെടെ പ്രമുഖ പത്രങ്ങളിൽ ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. 2005-2010 ൽ ഇടവ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിയായിരുന്നു. ഏറെക്കാലമായി കാപ്പിൽ പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയനാണ്. സുരേഷിന്റെ മരണത്തിൽ ഇടത് സ്ഥാനാർത്ഥി വി.ജോയി അനുശോചനം അറിയിച്ചു. വർക്കല നഗരസഭ ചെയർമാൻ കെ.എം ലാജി , ഇടവ പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്, വൈസ് പ്രസിഡന്റ് ശുഭ ആർ. എസ് കുമാർ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്ര് അംഗം ബി.പി.മുരളി, ജില്ലാ കമ്മിറ്റി അംഗം അഡ്വ. എസ്. ഷാജഹാൻ, വർക്കല ഏരിയ സെക്രട്ടറി എം.കെ യൂസഫ്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, അഭിഭാഷകർ തുടങ്ങി വൻ ജനാവലി ആദരാഞ്ജലികൾ അർപ്പിച്ചു.