
കേരളത്തിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകരെന്നറിഞ്ഞപ്പോൾ ധർമ്മപുരി മെഡിക്കൽ കോളേജിനടുത്ത് ഷോപ്പ് നടത്തുന്ന സെന്തിൽ പരിചയപ്പെടാനെത്തി. കേരളത്തിൽ ഇടയ്ക്ക് വരാറുള്ള സെന്തിലിന് മലയാളം അറിയാം. ബി.ജെ.പി ഷോൾ ധരിച്ചെത്തിയ സെന്തിൽ ആദ്യം ചോദിച്ചത് സുരേഷ്‌ഗോപിയെക്കുറിച്ച്.
''ഇവിടെ പി.എം.കെ അല്ലാതെ മറ്റാരും ജയിക്കില്ല, ജയിച്ചിട്ടില്ല"" സെന്തിൽ പറഞ്ഞു. കഴിഞ്ഞ തവണ പി.എം.കെ തോറ്റില്ലേ എന്നു ചോദിച്ചപ്പോൾ ഭാവം മാറി. ''ആരു പറഞ്ഞു? ധർമ്മപുരിക്കാർ മാമ്പഴം ചിഹ്നത്തിലേ വോട്ടു ചെയ്യൂ."" കൂടുതൽ തർക്കിച്ചില്ല.
അപ്പോഴേക്കും ഉച്ചത്തിൽ പാട്ടുമായി അനൗൺസ്‌മെന്റ് വാഹനമെത്തി. ''പറക്കിത് പറക്കിത് വാനിൽ പാട്ടാളി മക്കൾ വെട്രിക്കൊടി... തമിഴാ തമിഴാ... പോർകളിൽ നീയത് താങ്കിപ്പിടി..."" പിന്നാലെ അനൗൺസ്‌മെന്റ് മുഴങ്ങി. ''മാമ്പഴം പഴുക്കട്ടും ധർമ്മപുരി ജ്വലിക്കട്ടും""... പി.എം.കെയുടെ അഭിമാന പോരാട്ടമാണ് സ്വന്തം തട്ടകമായ ധർമ്മപുരിയിൽ നടക്കുന്നത്.
ജംഗ്ഷനിലെ ജനക്കൂട്ടത്തിനു നടുവിൽ വന്നെത്തിയ പ്രചാരണ വാഹനത്തിൽ മുൻ കേന്ദ്രമന്ത്രി അൻപുമണി രാം ദാസ് പ്രസംഗിക്കുന്നു. ''ഇവളവും കാലമാ നമ്മ ചിഹ്നത്തെ പാത്ത് വോട്ട് പോട്ടോം. ജാതിയെ പാത്ത് വോട്ട് പോട്ടോം... മതത്തെ പാത്ത് വോട്ട് പോട്ടീങ്കെ. ആനാൽ മുതൽ മുറൈയാകെ വേട്‌പാളറെ പാത്ത് പോടിങ്കേ...""(ഇത്രയും കാലം ചിഹ്നം നോക്കിയും ജാതിനോക്കിയും മതം നോക്കിയും വോട്ടു ചെയ്തു. എന്നാൽ ആദ്യമായി സ്ഥാനാർത്ഥിയെ നോക്കി വോട്ടു ചെയ്യൂ). നീല, മഞ്ഞ, ചുവപ്പ് വർണ്ണക്കൊടി പാറിച്ച് ആ വാക്കുകളെ സ്വാഗതം ചെയ്തു.
അൻപുമണിയുടെ ഭാര്യ സൗമ്യ അൻപുമണിയാണ് സ്ഥാനാർത്ഥി. 'പെൺപുലി"യെന്നാണ് അദ്ദേഹം ഭാര്യയ്ക്ക് നൽകിയിരിക്കുന്ന വിശേഷണം. ''കഴിഞ്ഞ തവണ ധർമ്മപുരി മക്കൾ ഒരു പെരിയ തവറൈ ചെയ്തേൻ. തവറാന ഒരുവനൈ എം.പിയാക്കി"". ഇനി തെറ്റ് ആവർത്തിക്കരുതെന്ന് ഓർമ്മപ്പെടുത്തി.
വികസനം വരണമെങ്കിൽ പി.എം.കെയ്ക്ക് വോട്ടു ചെയ്യണമെന്നു പറഞ്ഞാണ് സൗമ്യ വോട്ട് അഭ്യർത്ഥിക്കുന്നത്. ''പുതുപാതൈ വേണമാ? മാമ്പഴത്തിക്ക് വോട്ടു പോടുങ്കോ""... പി.എം.കെ ഇടപെട്ട് ധർമ്മപുരിക്ക് കിട്ടിയ റെയിൽവെ വികസനം ഉൾപ്പെടെയുള്ള പദ്ധതികളിൽ ഡി.എം.കെ സ്റ്റിക്കർ ഒട്ടിച്ച് അവതരിപ്പിക്കുകയാണെന്ന് സൗമ്യ ആരോപിച്ചു. തമിഴ്നാട് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷനായിരുന്ന എം.കൃഷ്ണസ്വാമിയുടെ മകളാണ് സൗമ്യ. വിവാഹ ശേഷമാണ് പി.എം.കെ അംഗമായത്. സൗമ്യ കേരളകൗമുദിയോട് സംസാരിച്ചു.
?വോട്ടമാരുടെ സ്വീകര്യത എത്രത്തോളമുണ്ട്
ധർമ്മപുരിയുടെ മകളായിട്ടാണ് എന്നെ വരവേൽക്കുന്നത്.
?കുടുംബത്തിലെ എല്ലാവരും രാഷ്ട്രീയക്കാരാണല്ലോ
ഞാൻ രാഷ്ട്രീയത്തിൽ വരുന്നതുവരെ എന്താ വരാത്തത് എന്ന് ചോദിച്ചു. വന്നപ്പോൾ ചിലർ കുടുംബരാഷ്ട്രീയം എന്നുപറയുന്നു. ഭർത്താവ് അൻപുമണി രാംദോസിനുവേണ്ടി പ്രചാരണം നടത്തിയിട്ടുണ്ട്. ആ അനുഭവത്തിൽ നിന്നാണ് തുടങ്ങിയത്.
?രാഷ്ട്രീയത്തിലൂടെ ലക്ഷ്യമിടുന്നത്
സമൂഹനീതിക്കു വേണ്ടി രൂപികരിച്ച പാർട്ടിയാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഇത് അയ്യാവും (രാംദോസ്) അൻപുമണിയും എടുത്ത തീരുമാനം. മരുത്വാർ അയ്യാ 40 വർഷമായി പോരാടിയിട്ടിരിക്കുന്നു. തുടർന്നും പോരാടും.