തിരുവനന്തപുരം: മൃഗശാലയിൽ പുതിയ അതിഥിയായ കുഞ്ഞൻ ഹിപ്പോയെ കാണാൻ തിരക്കേറുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൃഗശാലയിൽ ജനിച്ചുവളർന്ന, 14 വയസുള്ള സീത എന്ന പെൺ ഹിപ്പോപൊട്ടാമസ് കുഞ്ഞൻ ഹിപ്പോയ്ക്ക് ജന്മം നൽകിയത്. അഭിരാമി എന്നാണ് പെൺഹിപ്പോയ്ക്ക് പേരിട്ടിരിക്കുന്നത്. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിലാണ് പരിചരണം നൽകുന്നത്.
അമ്മ സീതയോടൊപ്പമുള്ള അഭിരാമിയുടെ മുട്ടിയുരിമിയുള്ള നടത്തവും വെള്ളത്തിലെ കളികളും കാണികൾക്ക് കൗതുകമാണ്. കുറേ നാളുകൾക്കു ശേഷമാണ് ഹിപ്പോപ്പൊട്ടാമസ് മൃഗശാലയിൽ പ്രസവിക്കുന്നത്. എപ്പോഴും കൂട്ടിൽനിന്ന് കുഞ്ഞൻ പുറത്തിറങ്ങാറില്ല. ഇറങ്ങിയാൽ പിന്നെ കളിയും നീന്തലുമായി കാഴ്ചക്കാർക്ക് കൗതുകമാണ്. സന്ദർശകർ അധികം ബഹളം വയ്ക്കരുതെന്നും നിർദ്ദേശമുണ്ട്.
കൂടുതലായി മനുഷ്യരെ കാണുമ്പോൾ അമ്മയേയും കുഞ്ഞിനെയും സംരക്ഷിക്കാൻ മറ്റുള്ള ഹിപ്പോകൾ ശ്രമിക്കുന്നതിനിടയിൽ ഹിപ്പോ കുഞ്ഞിനോ അമ്മയ്‌ക്കോ അപകടം സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാലാണ് ഈ നിർദ്ദേശം.
സാധാരണ ഹിപ്പോകൾ വെള്ളത്തിൽവച്ചു തന്നെയാണ് പ്രസവിക്കാറുള്ളത്. ചെറിയ കൂട്ടങ്ങളായി ജീവിക്കുന്ന ഹിപ്പോകൾ പ്രസവം അടുക്കുന്നതോടെ കൂട്ടം വിട്ട് ആഴംകുറഞ്ഞ ഭാഗത്ത് പ്രസവിക്കുകയും പ്രസവശേഷം കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ കൂട്ടത്തിലേക്ക് കുഞ്ഞുമായി തിരികെ വരികയുമാണ് പതിവ്. പൊതുവെ ശാന്ത സ്വഭാവക്കാരാണെങ്കിലും ഇവ പ്രകോപനമുണ്ടാക്കിയാൽ ആക്രമിക്കാറുണ്ട്.
അഞ്ച് മുതൽ ഏഴ് വയസിലാണ് ഹിപ്പോകൾ പ്രജനനശേഷി കൈവരിക്കുന്നത്. അതേസമയം തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഒരു ജോഡി ഹിപ്പോകളെ തിരുപ്പതി മൃഗശാലയിൽ നിന്ന് കൊണ്ടുവന്ന സിംഹങ്ങൾക്ക് പകരമായി നൽകിയിരുന്നു. നിലവിൽ ഗോകുലെന്ന് പേരുള്ള ഒരു ആൺ ഹിപ്പോയും വിവിധ പ്രായത്തിലുള്ള അഞ്ച് പെൺ ഹിപ്പോകളുമാണ് തിരുവനന്തപുരം മൃഗശാലയിലുള്ളത്.
ചൂടത്ത് കൂളാണ് മൃഗങ്ങൾ
ചൂട് കൂടുന്നതിനനുസരിച്ച് മൃഗങ്ങൾക്ക് മൃഗശാലയിൽ സൗകര്യം കൂടുതലായി ഒരുക്കിയിട്ടുണ്ട്. ചൂട് അകറ്റാൻ കരടികൾക്ക് രാവിലെയും വൈകിട്ടും കഴിക്കാൻ ഐസ് കഷ്ണങ്ങൾ കൂടുതലായി നൽകുന്നുണ്ട്. കടുവയുടെയും പുള്ളിപ്പുലിയുടെയും കുളി ഷവറിലാണ്. വലിയ കൂട്ടിലുള്ള രണ്ട് പുള്ളിപ്പുലികൾക്കും വെള്ളം ചീറ്റുന്ന സംവിധാനം എപ്പോഴുമുണ്ട്. എല്ലാ കൂടുകളിലും ഫാനുമുണ്ട്. കൂട്ടിലുള്ളതും പുറത്തുള്ളതുമായ പക്ഷികൾക്ക് പഴങ്ങൾക്കൊപ്പം കൂടുതൽ പച്ചക്കറികളും നൽകുന്നുണ്ട്.