
ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ 100 വർഷം മുമ്പ് സ്ഥാപിച്ച ശിവഗിരി സ്‌കൂളിൽ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് 6.30ന് 100 ദീപങ്ങൾ തെളിയും.
വിവിധ മേഖലകളിൽപ്പെട്ട പ്രമുഖർ ദീപം തെളിക്കാനെത്തും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രസ്റ്റ് ബോർഡംഗങ്ങൾ,മറ്റു സന്യാസി ശ്രേഷ്ഠർ എന്നിവർക്കു പുറമെ മന്ത്രി വി.ശിവൻകുട്ടി,ചലച്ചിത്ര നടൻ ദേവൻ, സംവിധായകൻ രാജസേനൻ,കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസലർ ഡോ.പി.ചന്ദ്രമോഹൻ,മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി തുടങ്ങിയവരുൾപ്പെടെ പങ്കെടുക്കും.
ആഘോഷങ്ങളുടെ മുന്നോടിയായി ഗുരുദേവന്റെയും വിദ്യാദേവത ശാരദാംബയുടെയും ചിത്രങ്ങൾ അലങ്കരിച്ച രഥത്തിൽ മഹാസമാധിയിൽ നിന്നു തെളിച്ച ദീപം പകർന്നു. ഘോഷയാത്ര ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഫ്ളാഗ് ഓഫ് ചെയ്‌തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട ഘോഷയാത്രയിൽ നൂറുകണക്കിന് വാഹനങ്ങൾ അണിനിരന്നു. ഘോഷയാത്ര നഗരം ചുറ്റി വൈകിട്ട് സ്‌കൂളിൽ സമാപിച്ചു. ശതാബ്ദി ആഘോഷങ്ങൾ ചരിത്രസംഭവമാക്കി തീർക്കാൻ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് ധർമ്മസംഘം ട്രസ്റ്റ് സ്‌കൂളുകളുടെ കോർപ്പറേറ്റ് മാനേജർ സ്വാമി വിശാലാനന്ദ അഭ്യർത്ഥിച്ചു.