general

ബാലരാമപുരം: തിരുവനന്തപുരം മണ്ഡലത്തിലെ പര്യടനം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ കവലകളിലും പ്രധാന ജംഗ്ഷനുകളിലും ഇടറോഡുകളിലും വൻ സ്വീകരണമാണ് സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്നത്.
പ്രചാരണവാഹനത്തിൽ തന്നെ മൈക്ക് സംവിധാനം തീർത്താണ് മുന്നണി സ്ഥാനാർത്ഥികളുടെ വോട്ടഭ്യർത്ഥന. യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ കാ‌ഞ്ഞിരംകുളം ബ്ലോക്ക് തിരഞ്ഞെടുപ്പ് പര്യടനം കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കോളിയൂർ ദിവാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പി.കെ. ബഷീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. എം.വിൻസെന്റ് എം.എൽ.എ,​ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി സുബോധൻ,​ കെ.പി.സി.സി അംഗം വിൻസെന്റ് ഡി. പോൾ,​ ബ്ലോക്ക് പ്രസിഡന്റുമാരായ കാഞ്ഞിരംകുളം ജയകുമാർ,​ ഉച്ചക്കട സുരേഷ്,​ ഡി.സി.സി ഭാരവാഹികളായ സി.എസ്. ലെനിൻ,​ വി.എസ്. ഷിനു,​ അഡോൾഫ്,​ ആഗ്നസ് റാണി,​ സാംദേവ്,​ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ,​ ജില്ലാ പഞ്ചായത്തംഗം വത്സലകുമാർ,​ മണ്ഡലം പ്രസി‌ഡന്റുമാരായ തങ്കരാജൻ,​ അംബറോസ്,​ വെള്ളാർ മധു,​ ജിനുലാൽ,​ മധു,​ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ്. അരുൺ,​ യൂത്ത് കോൺഗ്രസ് കോവളം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ശരത് കോട്ടുകാൽ,​ കാഞ്ഞിരംകുളം ശിവകുമാർ എന്നിവർ പങ്കെടുത്തു. കാഞ്ഞിരംകുളം,​മുക്കോല,​പൂവാർ,​കരുംകുളം,​പുല്ലുവിള,​വിഴിഞ്ഞം എന്നീ മണ്ഡലങ്ങളിലായിരുന്നു കഴിഞ്ഞ ദിവസത്തെ പര്യടനം.
തീരദേശമേഖലയിൽ ആവേശത്തോടെയായിരുന്നു രാജീവ് ചന്ദ്രശേഖറുടെ വാഹനജാഥയ്‌ക്ക് പ്രവർത്തകർ സ്വീകരണമൊരുക്കിയത്. പൂവാർ,​ പുതിയതുറ പള്ളം,​പുല്ലുവിള,​കൊച്ചുപള്ളി,​അടിമലത്തുറ,​അമ്പത്തുംമൂല എന്നിവിടങ്ങളിലായിരുന്നു പര്യടനം. പുഷ്പവൃഷ്ടി നടത്തിയും പടക്കം പൊട്ടിച്ചുമായിരുന്നു രാജീവിനെ വരവേറ്റത്. താമരചിഹ്നവുമായി തുറന്ന വാഹനത്തിലായിരുന്നു രാജീവിന്റെ പര്യടനം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ രാജീവിന് ഷാളണിയിച്ചും താമരഹാരമണിയിച്ചും എതിരേറ്റു. കഴിഞ്ഞ 15 വർഷമായി പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനപ്രതിനിധികൾ തീരദേശവാസികളെ കബളിപ്പിക്കുകയാണെന്ന് മനസിലാക്കാൻ കഴിഞ്ഞതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കടലാക്രമണത്തെ തുടർന്നുള്ള നഷ്ടം പരിഹരിക്കാൻ സർക്കാരുകൾ മുന്നോട്ടു വന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. കാഞ്ഞിരംകുളം സ്പാർക്ക് കോച്ചിംഗ് സെന്ററിലെത്തിയും അദ്ദേഹം വോട്ടഭ്യർത്ഥിച്ചു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പര്യടത്തിലുടനീളം ബൈക്കുകളാണ് അകമ്പടിയാകുന്നത്. കോവളം,​നെയ്യാറ്റിൻകര,​നേമം നിയോജക മണ്ഡലത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പന്ന്യന്റെ പര്യടനം. പഞ്ചായത്തുകളിൽ ഓരോ ബൂത്തുകൾ കേന്ദ്രീകരിച്ചാണ് പന്ന്യന് സ്വീകരണം നൽകുന്നത്. മിക്ക പഞ്ചായത്തിലും എല്ലാ വാർഡുതോറും പര്യടനം നടത്തിയാണ് സ്ഥാനാർത്ഥിയുടെ വോട്ടഭ്യർത്ഥന. താൻ സാധാരണക്കാരന്റെ ശബ്ദമാണെന്നും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എം.പിയായിരിക്കെ ചെയ്‌തിട്ടുണ്ടെന്നും തിരുവനന്തപുരം പാർലമെന്റിൽ ഒട്ടുമിക്ക വികസനവും തന്റെ കാലത്താണ് നടപ്പായതെന്ന് പരിശോധിച്ചാൽ മനസിലാകുമെന്നും പന്ന്യൻ പറഞ്ഞു.