തിരുവനന്തപുരം: വേനൽ മഴ ശമിച്ചെങ്കിലും സ്ഥാനാർത്ഥികളുടെ പ്രചാരണച്ചൂടിന് കുറവൊന്നുമില്ല. വോട്ടെടുപ്പ് 12 ദിവസം മാത്രം ബാക്കി നിൽക്കെ വോട്ടർമാരെ നേരിൽക്കണ്ട് വോട്ടുറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് മൂന്ന് സ്ഥാനാർത്ഥികളും.
കോവളം തീരപ്രദേശത്തെ ഇളക്കിമറിച്ചായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ വാഹനപര്യടനം. സ്ഥാനാർത്ഥിയുടെ വരവും കാത്തുനിന്നത് നൂറുകണക്കിന് പേർ. ആരെയും നിരാശപ്പെടുത്താതെ കൈവീശിയും കൈപിടിച്ചും തരൂർ മുന്നോട്ട്. ഇന്നലെ കാഞ്ഞിരംകുളം ജംഗ്ഷനിൽ നിന്നാരംഭിച്ച പര്യടനം കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തനാണ് ഉദ്ഘാടനം ചെയ്തത്. മത്സ്യത്തിന്റെ രൂപവും പങ്കായവും വോട്ടർമാർ തരൂരിന് സമ്മാനിച്ചു. ചാണി,നെല്ലിക്കാകുഴി,കക്കാലം കാനം,കൈവൻവള,ബൈപാസ്,ആശാൻവിള,പറയൻവിളാകം,പനനിന്ന, രവിനഗർ കോളനി നേടിയകാല,കാണവിള,മരപ്പാലം,പുളിങ്കുടി,മുല്ലൂർ തലയ്‌ക്കോട്,ഇടിവിഴുന്നവിള,കിടാരക്കുഴി,വെങ്ങാനൂർ,കരേടിവിള വഴി മുക്കോല പരണയം എന്നിങ്ങനെ സഞ്ചരിച്ച് രാത്രി പത്തോടെ വിഴിഞ്ഞം ജംഗ്ഷനിൽ പര്യടനം സമാപിച്ചു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ ഇന്നലെ നെയ്യാറ്റിൻകര മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനത്തിലായിരുന്നു. രാവിലെ അതിയന്നൂർ പഞ്ചായത്തിലെ മണലിവിളയിൽ നിന്ന് ആരംഭിച്ച പര്യടനം എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് ആവേശകരമായ വരവേല്പാണ് ലഭിച്ചത്. പര്യടനം രാത്രി കുളത്തൂർ പഞ്ചായത്തിലെ പൂഴിക്കുന്നിൽ സമാപിച്ചു. സമാപനയോഗം എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി.ചാക്കോ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ആർ.എസ്.ജയൻ, ആദർശ്, എൻഎസ്.അജയൻ,ശരൺ ശശാങ്കൻ,പി.എസ് ആന്റസ്,കണ്ണൻ എസ്.ലാൽ തുടങ്ങിയവർ സംസാരിച്ചു.
പാറശാല അസംബ്ലി മണ്ഡലം കേന്ദ്രീകരിച്ചായിരുന്നു കേന്ദ്രമന്ത്രിയും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പര്യടനം. കൊറ്റാമം ശ്രീധർമ്മശാസ്താ ക്ഷേത്ര ദർശനത്തോടെയാണ് രാജീവ് പര്യടനത്തിന് തുടക്കമിട്ടത്. കൊറ്റാമം ജംഗ്ഷനിൽ ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്.കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ആറയൂർ,പൊൻവിള,ഞാറക്കാല,പാറശാല,അയിരക്കുളം,കാരോട് കോളനി,കൂനൻവിള, കടകുളം,ചെന്നിയോട്,പൊഴിയൂർ,പാട്ടവിള,ചിത്തക്കോട്,ആറ്റുപുറം,വട്ടവിള,കാരിയോട്,ചെങ്കൽ,അമരവിള എന്നിവിടങ്ങളിലെത്തി. പൊഴിയൂർ തീരദേശ മേഖലയിൽ വൻ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും താമര ഹാരം നൽകിയും മത്സ്യത്തൊഴിലാളികൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.