തിരുവനന്തപുരം: മണ്ഡലത്തിലെ യു.ഡി.എഫ്,എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് തിരക്ക്. രാവിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് ചില സ്വകാര്യ സന്ദർശനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. മുമ്പ് വിഷുദിനത്തിൽ അദ്ദേഹം കണ്ണൂരിലെ വീട്ടിലെത്തിയിരുന്നു. സ്ഥാനാർത്ഥിയായതിനാൽ ഇത്തവണ അതിന്റെ തിരക്കുകളിലാണ്.
വിഷു ദിനത്തിൽ പര്യടനത്തിന് അവധി നൽകി തരൂർ സ്വകാര്യസന്ദർശനങ്ങൾക്കാണ് മുൻതൂക്കം നൽകിയിട്ടുള്ളത്. വൈ.എം.സി.എ ഹാളിൽ വൈകിട്ട് 3.30ന് പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന വനിതാ സംഗമത്തിലും അദ്ദേഹം പങ്കെടുക്കും. ഡോ.ജാൻസി ജയിംസ് ഉദ്ഘാടനം ചെയ്യും. കോൺഗ്രസിന്റെ പ്രകടന പത്രികയിൽ മുൻഗണന നൽകിയിട്ടുള്ള സ്ത്രീ ശാക്തീകരണ വിഷയത്തിൽ ഡോ.തരൂരുമായി തുറന്ന സംവാദവും നടക്കും. ഡോ.മറിയ ഉമ്മൻ,ഡോ.ബെറ്റിമോൾ മാത്യു,ഡോ.വിജയലക്ഷ്മി,നാദിറ സുരേഷ് എന്നിവർ ചടങ്ങിൽ സംസാരിക്കും.
വീട്ടുകാർക്കും ഒപ്പമുള്ള ജോലിക്കാർക്കും രാവിലെ തന്നെ കാണാനെത്തുന്നവർക്കും അദ്ദേഹം പതിവുപോലെ വിഷുകൈനീട്ടം നൽകും. വീട്ടിലെ വിഷുക്കണി ദർശനത്തിനു ശേഷം ക്ഷേത്രദർശനവും നടത്തും.