1

വിഴിഞ്ഞം: കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ അപകടങ്ങൾ പെരുകുന്നതിൽ വ്യാപക പ്രതിഷേധം.പണി പൂർത്തിയാക്കാതെ സിഗ്നലുകളോ വഴിവിളക്കുകളോ ഇല്ലാതെയാണ് കോവളം മുതൽ മുക്കോല വരെയുള്ള റോഡ്‌ തുറന്നു നൽകിയത്. നിരവധി അപകടങ്ങളും മരണവും ഇവിടെ സംഭവിച്ചു.ബൈപ്പാസിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നതുകാരണം അപകടസാദ്ധ്യത കൂടുതലാണ്.
43 കിലോമീറ്ററാണ് റോഡിന്റെ നീളം.ടോയ്‌‌‌ലെറ്റ്,കഫറ്റീരിയ,24 മണിക്കൂറും രണ്ട് ആംബുലൻസുകൾ,യാത്രയ്‌ക്കിടയിൽ ആർക്കെങ്കിലും അപകടം പറ്റിയാൽ ആംബുലൻസിന്റെ സേവനം ഉപയോഗപ്പെടുത്താൻ ഒരു ടോൾ ഫ്രീ നമ്പർ,അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ ഗതാഗത തടസമുണ്ടാകാതിരിക്കാൻ രണ്ട് ക്രെയിനുകൾ,യാത്രയ്ക്കിടയിൽ വിശ്രമിക്കുന്നതിനായി പാർക്കിംഗ് ഏരിയാകൾ കേന്ദ്രീകരിച്ച് സ്‌നാക്‌സ് ബാറുകൾ എന്നിവയെല്ലാം ബൈപ്പാസിൽ ഉണ്ടാകുമെന്ന് അധികൃതർ ആദ്യം പറഞ്ഞിരുന്നു.

ഇവയുടെ ചെലവ് മുഴുവൻ ഹൈവേ അതോറിട്ടി വഹിക്കുമെന്നും ടോൾ വരുമാനം ഉപയോഗിച്ചാകും പ്രവർത്തനമെന്നുമായിരുന്നു വാദം. എന്നാൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കും മുൻപുതന്നെ ടോൾ ബൂത്ത് സ്ഥാപിച്ചത് പ്രതിഷേധങ്ങൾക്ക് കാരണമായി.രണ്ട് ആംബുലൻസ് പറഞ്ഞതിൽ ഒരെണ്ണം മാത്രമാണ് സജ്ജമാക്കിയത്.

സർവീസ് റോഡുകളില്ല
കോവളം പോറോഡ് പാലത്തിനോട് ചേർന്ന് സർവീസ് റോഡില്ല.പാലം പണി ആരംഭിച്ചപ്പോൾ മുതൽ സർവീസ് റോഡില്ലാത്തതിനാൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.സർവീസ് റോഡ് നിർമ്മിക്കുമെന്ന് അന്ന് അധികൃതർ പറഞ്ഞെങ്കിലും നടപടികളൊന്നുമുണ്ടായില്ല. കോവളത്ത് നിന്നാരംഭിക്കുന്ന സർവീസ് റോഡും കല്ലുവെട്ടാൻ കുഴിയിൽ നിന്നുള്ള റോഡും പോറോഡിൽ അവസാനിക്കും.ഇതിനിടെയ്‌ക്കാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഇവിടെ സർവീസ് റോഡ് ഉൾപ്പെടെയുള്ളവ നിർമ്മിക്കുന്നതിനായി നാട്ടുകാർ സ്ഥലം വിട്ടുനൽകിയെങ്കിലും അധികൃതർ മൗനത്തിലാണ്. ഈ ഭാഗത്തുള്ളവർ ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. പാലംപണി പൂർത്തിയായശേഷം പകുതി വരെ മാത്രമുള്ള സർവീസ് റോഡ് അടച്ചിരുന്നത് പ്രതിഷേധത്തിനിടയാക്കിയതോടെ ശശി തരൂർ എം.പി ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച് സർവീസ് റോഡിനായി മാസ്റ്റർപ്ലാൻ തയ്യാറാക്കിയെങ്കിലും നടപടിയായില്ല.ഏകദേശം 200 മീറ്ററോളം നീളമുള്ളതാണ് പാലം.ഇനി സർവീസ് റോഡ് പണിയണമെങ്കിൽ ഇത്രയും നീളത്തിലും 20 മീറ്ററോളം ഉയരത്തിൽ പാലത്തിന് ഇരുവശത്തും സമാന്തരമായി രണ്ട് പാലങ്ങൾ നിർമ്മിക്കേണ്ട അവസ്ഥയാണ്.

തലക്കുളം പൂർവസ്ഥിതിയിലാക്കണം
പാലം നിർമ്മാണത്തിന്റെ പേരിൽ നികത്തിയ തലക്കുളം പൂർവ സ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഏകദേശം 2000 അടി ചതുരശ്രയടി വിസ്‌തീർണമുള്ള കുളമാണ് നികത്തപ്പെട്ടത്.പോറോഡ് മുതൽ പനങ്ങോട് വരെ എത്തുന്നതാണ് തലക്കുളം.

നിരന്തരം അപകടങ്ങൾ
സർവീസ് റോഡ് പകുതിയിൽ നിറുത്തിയതും വഴിവിളക്കില്ലാത്തതു കാരണം ഈ ഭാഗത്തു നിരവധി അപകടങ്ങളാണ് നടക്കുന്നത്.

ആവശ്യങ്ങൾ
 കോവളം ജംഗ്ഷനിൽ ഫ്ലൈഓവർ നിർമ്മിക്കണം
 സിഗ്നൽലൈറ്റുകൾ സ്ഥാപിക്കാൻ ദേശീയപാത അതോറിട്ടി അനുവാദം നൽകണം
 പോറോഡ് ഭാഗത്ത് പാലത്തിന് സമീപം സർവീസ് റോഡുകൾ ബന്ധിപ്പിച്ചിട്ടില്ല
 അപകടം വർദ്ധിക്കുന്ന തിരുവല്ലത്ത് പുതിയ പാലം നിർമ്മിക്കണം