
മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാമിന്റെ സംസ്കാര ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയപ്പോൾ രാമേശ്വരം ക്ഷേത്രനടയിൽ വച്ച് പരിചയപ്പെട്ട ബാലാജിയെ വീണ്ടും അവിടെ എത്തിയപ്പോൾ ഓർത്തു. ക്ഷേത്രം ജീവനക്കാരുടെ സംഘടനാനേതാവും കോൺഗ്രസുകാരനുമായിരുന്ന ബാലാജി മലയാളം തട്ടിമുട്ടിയും സംസാരിക്കും.
എൻ.ഡി.എ സ്ഥാനാർത്ഥി ഒ. പനീർ ശെൽവത്തിന്റെ പ്രചാരണ പരിപാടിയെക്കുറിച്ചറിയാൻ രാമേശ്വരം മണ്ഡലം ഓഫീസിലെത്തിയപ്പോൾ ബാലാജി അവിടെയുണ്ട്. തോളിൽ ബി.ജെ.പിയുടെ ചെറിയഷാൾ. പരിചയം പുതുക്കിയപ്പോൾ ബാലാജിക്ക് സന്തോഷം. എൻ.ഡി.എ സ്വതന്ത്രനായി മത്സരിക്കുന്ന ഒ.പി.എസ് ജയിക്കുമോ എന്ന് ചോദിച്ചപ്പോൾ അക്കാര്യം ഉറപ്പെന്ന് ബാലാജിയുടെ മറുപടി. പനീർശെൽവമെന്ന പേരിൽ വേറെയും അഞ്ച് പേർ രംഗത്തുണ്ടല്ലോ എന്നു ചോദിച്ചപ്പോൾ 'അതൊന്നും പ്രശ്നമല്ല. നമ്മുടെ ചിഹ്നം എസ്റ്റാബ്ലിഷായി പോച്ചെന്നായിരുന്നു" മറുപടി. മണ്ഡലത്തിലുടനീളം ഓടുന്ന അനൗൺസ്‌മെന്റ് വാഹനങ്ങൾ ശ്രമിക്കുന്നതും ചിഹ്നം വോട്ടർമാരുടെ മനസിലുറപ്പിക്കാനാണ്.
'മറക്കാതിടാതിങ്കേ, നമത് വെട്രിചിന്നം പളാപളം പളാപളം...''പുതുകോട്ടയിലും തുറൈ അരസിപുരത്തുമൊക്കെ വാഹന പ്രചരണത്തിലെ പ്രസംഗത്തിന്റെ ഓരോ ഇടവേളയിലും ചുറ്റിലും വന്നുകൂടുന്നവരോട് ഒ.പി.എസ് ചോദിക്കുന്നു 'നമതു ചിന്നം എന്നാ''? 'പളാപളം'' അവരുടെ മറുപടി. 'സത്തമാക സൊല്ലുങ്കൽ" 'പളാപളം പളാപളം''- അവർ ഉറക്കെ വിളിച്ചു പറഞ്ഞു. നമ്മുടെ ചക്കയാണ് അവരുടെ 'പളാപളം". പ്രവർത്തകരുടെ ടീ ഷർട്ടിൽ പളാപളം, ഉയർത്തിപ്പിടിച്ചിരിക്കുന്ന ബോർഡുകളിൽ വലിപ്പത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുൻ മുഖ്യമന്ത്രി ജയലളിതയുടെയും ചിത്രത്തിനു നടുവിലും പ്രവർത്തകർക്ക് നൽകുന്ന വിശറിയിലും പളാപളം. തേൻവരിക്കയുടെ മധുരമുള്ള വിജയം പ്രതീക്ഷിക്കുന്ന മുൻ മുഖ്യമന്ത്രി കൂടിയായ പനീർശെൽവം പ്രസംഗത്തിന്റെ അവസാനം ചെറിയ ചക്ക ഉയർത്തിക്കാട്ടും.
പതിഞ്ഞ ശബ്ദത്തിലാണ് ഒ.പി.എസ് സംസാരിക്കുന്നത്. ജയലളിതയ്ക്കും മോദിക്കും നന്ദി പറഞ്ഞാണ് തുടക്കം. 'ഞാൻ ആരെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. അണ്ണാ ഡി.എം.കെയിൽ നിന്ന് എന്നെ ചതിച്ച് പുറത്താക്കിയതാണ്. അയാൾ ആരെന്നും നിങ്ങൾക്കറിയാമല്ലോ". എടപ്പാടി പളനിസാമിയുടെ പേര് പറയാതെയാണ് ആരോപണം.
ഒ.പി.എസിന്റെ പ്രചാരണ വാഹനം മുന്നോട്ടു നീങ്ങുന്നതിനിടെ ഒരു കൂട്ടം ചെറുപ്പക്കാർ ഉറക്കെ വിളിച്ചു. 'ഒ.പി.എസ് അണ്ണൻ, വരുംകാല മദ്ധ്യ അമച്ചർ" (ഒ.പി.എസ് ഭാവി കേന്ദ്രമന്ത്രി). ജയിച്ചാൽ ഒ.പി.എസ് കേന്ദ്രമന്ത്രി എന്നൊരു പ്രചാരണവും നടക്കുന്നുണ്ട്. പ്രചാരണം കഴിഞ്ഞപ്പോൾ പ്രദേശവാസിയോടു ചോദിച്ചു. ഈ നാട്ടിൽ ചക്കയുണ്ടോ? ഇല്ല, കുറച്ചപ്പുറത്തുണ്ടെന്നായിരുന്നു മറുപടി.
 ഒ.പി.എസിനിത് അഭിമാന പോരാട്ടം
രാഷ്ട്രീയശക്തി തെളിയിക്കാനാണ് ഒ.പി.എസ് 74-ാം വയസിൽ മത്സരിക്കുന്നത്. പാർട്ടിയിൽ നിന്ന് പുറത്തായതോടെ ബോഡിനായ്ക്കന്നൂർ എം.എൽ.എ എന്ന വിലാസം മാത്രമാണ് സ്വന്തം. തേനിയിലെ പെരിയകുളത്തു ചായക്കട നടത്തിയിരുന്ന പനീൽശെൽവം ജയലളിതയുടെ വിശ്വസ്തനായി വളർന്നു. മൂന്നുതവണ മുഖ്യമന്ത്രിയുമായി. ജയയുടെ മരണശേഷം അണ്ണാ ഡി.എം.കെയിലെ ഉൾപ്പോരും ബാഹ്യഇടപെടലുകളും കാര്യങ്ങൾ കൂഴച്ചക്ക കുഴയുന്നതുപോലെ ആയപ്പോൾ ഒ.പി.എസ് ഔട്ട്. നേരത്തെ ഔട്ടായ ടി.ടി.വി.ദിനകരനുമായിട്ടാണ് ഇപ്പോൾ കൂട്ട്. കഴിഞ്ഞതവണ ദിനകരന്റെ പാർട്ടിക്ക് 14 ശതമാനം വോട്ട് കിട്ടിയ മണ്ഡലമാണിത്. പുതുക്കോട്ട, രാമനാഥപുരം,വിരുദുനഗർ ജില്ലകളിലായി പരന്നുകിടക്കുന്ന മണ്ഡലത്തിൽ ഒ.പി.എസുൾപ്പെടുന്ന തേവർ സമുദായത്തിനു നിർണായക സ്വാധീനമുണ്ട്. സിറ്റിംഗ് എം.പി മുസ്ലിംലീഗിലെ കനി നവാസാണ് മുഖ്യഎതിരാളി.