thekkinthadi-kshethrathil

കല്ലമ്പലം: നാവായിക്കുളം ശ്രീശങ്കരനാരായണ സ്വാമി ക്ഷേത്രത്തിൽ പുതിയ സ്വർണ കൊടിമരം സ്ഥാപിക്കാനുള്ള തേക്കിൻ തടി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വിവിധ വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ വിഷുദിനത്തിൽ ക്ഷേത്രത്തിലെത്തി.60അടി നീളവും 32 ഇഞ്ച്‌ വീതിയുമുള്ള തേക്ക് മരം ആചാരാനുഷ്ഠാനങ്ങളോടെയാണ് ക്ഷേത്രത്തിലെത്തിച്ചത്.അഡ്വ.വി.ജോയി എം.എൽ.എ,ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പ്രൊഫ.എസ്.അജയകുമാർ, സെക്രട്ടറി ഇ.ജയരാജു,ക്ഷേത്രം മേൽശാന്തി,സബ് ഗ്രൂപ്പ് ഓഫീസർ,ദേവസ്വം മരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ എന്നിവർ ചേർന്ന് തടി ഏറ്റുവാങ്ങി.മലപ്പുറം ജില്ലയിലെ നിലമ്പൂർ വനത്തിൽ നിന്ന് വനം വകുപ്പിന്റെ അനുമതിയോടെയാണ് തേക്ക് മുറിച്ചു കൊണ്ടുവന്നത്.നിലവിൽ ക്ഷേത്രത്തിലെ കൊടി മരം ചെമ്പിലാണ് നിർമ്മിച്ചിരിക്കുന്നത്.തടിയുമായെത്തിയ ഫോറസ്റ്റ് ജീവനക്കാർ,വാഹന ഡ്രൈവർ എന്നിവരെ എം.എൽ.എയും നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രനും ചേർന്ന് ആദരിച്ചു.ഉത്സവത്തിന് ശേഷം കൊടിമരം എണ്ണ തോണിയിൽ നിക്ഷേപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.